Skip to main content

സാമ്പത്തിക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോന്‍സനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് പരിചയം. വീട്ടില്‍ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു. ഗൂഢാലോചനകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആണോ എന്ന് സംശയിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. 

എന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതി നല്‍കിയ വ്യക്തിയെ എനിക്ക് അറിയില്ല. അയാള്‍ കറുത്തിട്ടോ വെളുത്തിട്ടോയെന്നെനിക്ക് അറിയില്ല. അങ്ങനെ ഒരു ഡിസ്‌ക്കഷന്‍ മോന്‍സന്റെ വീട്ടില്‍ വെച്ച് നടന്നിട്ടില്ലെന്ന് അടിവരയിട്ട് പറയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ ആരോപണത്തിന് പിന്നിലുണ്ടെന്നാണ് സംശയം. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് 5 തവണയിലേറെ പരാതിക്കാരനെ വിളിച്ചുവെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. 2018 ല്‍ താന്‍ പാര്‍ലമെന്റ് അംഗം പോലുമല്ല. ഫിനാന്‍സ് കമ്മറ്റിയില്‍ ഇതുവരെ അംഗവുമായിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയര്‍ന്നത്. 2018 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ  ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇത് പൊതു രേഖയാണ്. തനിക്കെതിരെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയാണ് ഈ ആരോപണത്തിന് പിന്നില്‍ എന്ന് സംശയിക്കുകയാണ്'. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാമെന്നും സുധാകരന്‍ പറഞ്ഞു.