Skip to main content

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ബി.ജെ.പി സഹയാത്രികനും നടനുമായ എം.സന്തോഷ്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് ഒരു നേതാവ് വലിച്ചെറിഞ്ഞെന്നും അതിന് ഭഗവാന്‍ അറിഞ്ഞു നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് സന്തോഷ് പറഞ്ഞത്. തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണം എന്ന പേരില്‍ തൃശൂരില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു ധര്‍മ ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ്.

'ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. പരിപാവനമായ ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് എടുത്തെറിഞ്ഞു. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്,' സന്തോഷ് പറഞ്ഞു.

ഹിന്ദു സംഘടനയുടെ തലപ്പത്ത് ഓരോ നേതാക്കള്‍ വരികയാണെന്നും അവരെല്ലാം ഓരോദിവസവും ദൈവങ്ങളായി മാറുകയാണ്. ഹിന്ദു അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് മറ്റാരുടെയും പുറത്ത് ചെളി വാരിയെറിയേണ്ട. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നും സന്തോഷ് പറഞ്ഞു. ഈ സംഘടനയില്‍ മനുഷ്യദൈവങ്ങളുടെ ആവശ്യമില്ല. ലീഡറെയാണ് വേണ്ടത് എന്നും സന്തോഷ് പ്രസംഗത്തില്‍ പറയുന്നു. ഹിന്ദു ചിന്തിക്കുന്നവനാണ്. മുകളില്‍ നിന്ന് ഒരാള്‍ മൂളിക്കൊടുത്താല്‍ റാന്‍ മൂളുന്നവനല്ല ഹിന്ദുവെന്നും സന്തോഷ് പറഞ്ഞു.