Skip to main content

പ്രൊഫഷണല്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് അടുപ്പിക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്ന് സി.പി.ഐ.എം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി മുന്നണികളും യുനജനമുന്നണിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും, സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പില്‍ പറയുന്നു.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ക്ഷേത്രവിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയും വിധം ആരാധനാലയങ്ങളില്‍ ഇടപെടാന്‍ കഴിയണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നും സി.പി.എം നിര്‍ദേശിക്കുന്നു.

മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. മുസ്ലീം സമൂഹത്തിലെ ബഹൂഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. ക്രൈസ്തവരെ മുസ്ലീം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും, എന്നാല്‍ അടുത്ത കാലത്ത് കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നും കുറിപ്പിലുണ്ട്.