Skip to main content

സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. സല്യൂട്ട് വിവാദത്തോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായാണ് എം.പി പ്രതികരിച്ചത്. 

രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പോലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒല്ലൂരില്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്.  

പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഒരു മതത്തേയും ബിഷപ്പ് പരാമര്‍ശിച്ചിട്ടില്ല. രാഷ്ട്രീയക്കാരനായല്ല എം.പി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ വിവിധ സാമുഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തിന് എതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യും. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിഷപ്പ് ഹൗസില്‍ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം.