Skip to main content

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ  ഫലമായി സംസ്ഥാനത്ത്  ഇന്ന് മഴ ശക്തമാകും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  

ദില്ലിയില്‍ രണ്ട് ദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത മഴയില്‍ തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയത് വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു. നരേളയില്‍ പഴയ കെട്ടിടം തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. 77 വര്‍ഷത്തിന് ശേഷമാണ് ദില്ലിയില്‍ സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. ഇന്നലെ വരെ ലഭിച്ചത് 383.4 മിമി മഴയാണ്. ഈ മാസം 17 ,18 തിയ്യതികളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.