Skip to main content

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും കൗണ്‍സില്‍ പറഞ്ഞു. സാമുദായിക കലാപാഹ്വാനവുമായാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തിയത്. ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യേണ്ടതാണ് എന്നും കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദ്ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്റെയും പകയുടെയും വിത്ത് വിതയ്ക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍ നിന്നും ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലവ് ജിഹാദ് ആദ്യം ഉണ്ടെന്ന് പറഞ്ഞ് ഭൂമി കുംഭകോണകേസ് പ്രതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. അതിന്റെ വാലുപിടിച്ചായിരുന്നു ആദ്യം ഇതേ പ്രസ്താവന പുറപ്പെടുവിച്ച ഇതേ മെത്രാന്‍ വര്‍ധിക്കുന്ന മുസ്ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്. അത് ജനം പുച്ഛിച്ച് തള്ളിയപ്പോഴാണ് പുതിയ വിഷയവുമായി വന്നിരിക്കുന്നത്,' കൗണ്‍സില്‍ പറഞ്ഞു.

ഇത്തരം മാനസിക രോഗികളെ നിയന്ത്രിക്കാന്‍ കേരള മെത്രാന്‍ സഭ ശ്രമിക്കണമെന്നും സഭയുടെയും സമുദായത്തിന്റെയും ആധ്യാത്മികമായ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുവാന്‍ നിയോഗിതരായ മെത്രാന്‍മാര്‍ അനവസരത്തില്‍ അപ്രസക്തമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശക്തമായ എതിര്‍പ്പിന് ഇടയാക്കും എന്നും കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടന്‍ പറഞ്ഞു.

ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നുമായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്.