Skip to main content

ഹരിതയ്ക്ക് പിന്തുണയുമായി എം.എസ്.എഫിലെ ഒരു വിഭാഗം. ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി.എം.എ സലാമിന്റെ ഇടപെടലാണെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. ഹരിതയുടെ പരാതി കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നും വിമര്‍ശനമുണ്ട്. സീനിയര്‍ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരാണ് ലീഗ് നേതൃത്വത്തിന് കത്തയച്ചത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്ത പി.കെ നവാസിന്റെ ഭാഗത്ത് നിന്ന് യോഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായിട്ടുണ്ട്. അത് പാര്‍ട്ടിക്ക് നാണക്കേടാണ്. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനവും പാര്‍ട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഈ തീരുമാനവുമായി മുന്നോട്ട് പോകരുത് എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായത്. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞത്.