Skip to main content

വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ച ഒന്നായിരുന്നു ശിവശങ്കര്‍ നേതൃത്വമെടുത്ത് നടപ്പാക്കിയ സ്പ്രിംഗ്ലര്‍ ഡേറ്റാ കരാര്‍. ശിവശങ്കര്‍ സ്വന്തം നിലയിലെടുത്ത തീരുമാനമാണ് സ്പ്രിംഗ്‌ളര്‍ കരാറെന്ന് അന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കരാറില്‍ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന്റ മോശം ഉദ്ദേശം ഇല്ലായിരുന്നു എന്ന് രണ്ടാം അന്വേഷണ കമ്മിറ്റി തലവന്‍ കെ ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപടി ഒന്നും പാലിച്ചില്ലെങ്കിലും ശിവശങ്കര്‍ അടിയന്തിര സാഹചര്യം പരിഗണിച്ചു തീരുമാനം എടുത്തു എന്നാണ് രണ്ടാം റിപ്പോര്‍ട്ട്. 

സ്പ്രിംഗ്ലര്‍ കരാറില്‍ ശിവശങ്കറിനെ വെള്ളപ്പൂശുന്ന രണ്ടാം റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്ന് എം മാധവന്‍ നമ്പ്യാര്‍. ശിവശങ്കറിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച ആദ്യ റിപ്പോര്‍ട്ട് നല്‍കിയത് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ആയിരുന്നു. 

മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ, മുഖ്യമന്ത്രിയോട് ചോദിക്കാതെ ശിവശങ്കര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് ഗുരുതര വീഴ്ചയാണെന്ന് ഇരു കമ്മിറ്റികളും അടിവരയിട്ട് പറയുന്നു. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ശിവശങ്കറിനെ കുറ്റക്കാരനെന്ന് പറയുന്നതിനെ ശശിധരന്‍ നായര്‍ കമ്മിറ്റിയും ശരിവെക്കുന്നുണ്ട്. പക്ഷേ, ശിവശങ്കര്‍ ചെയ്തത് തെറ്റാണെങ്കിലും ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ട എന്ന നിലപാടാണ് രണ്ടാം കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. കൊവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തില്‍ അതിവേഗം ഒരു തീരുമാനമെടുത്തതാണ്. സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ കളങ്കപ്പെടുത്താനോ ഏതെങ്കിലും തരത്തില്‍ അഴിമതി നടത്താനോ ഉള്ള ഉദ്ദേശ്യമൊന്നും ശിവശങ്കറിനില്ലായിരുന്നു എന്നാണ് ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരെ ഒരു നടപടി ഇനി സര്‍ക്കാരെടുക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്.