Skip to main content

ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് മുസ്‌ലിം ലീഗ് തീരുമാനം. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ സംഭവത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കും. ഖേദ പ്രകടനം നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശം നല്‍കി.

എം.എസ്.എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഹരിത വനിതാകമ്മീഷനു നല്‍കിയ പരാതി പിന്‍വലിക്കും. എം.എസ്.എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഹരിതയും എം.എസ്.എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മുസ്‌ലിം ലീഗ് അറിയിച്ചു.

അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. മാപ്പു പറയുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പി.കെ നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.