Skip to main content

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാനാണ് തീരുമാനം. സമ്പര്‍ക്ക വ്യാപനം കണക്കിലെടുത്ത് സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ കര്‍ശനമാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാല്‍ മാനദണ്ഡങ്ങളിലെ വീഴ്ച അനുവദിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. 

മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കുന്നതിനാല്‍ വാക്‌സിനേഷന്‍ പരമാവധി കൂട്ടും. 60 വയസിന് മുകളിലുള്ളവരില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. അവധി ദിവസങ്ങളില്‍ വാകസിനേഷന്റെ എണ്ണം കുറഞ്ഞിരുന്നു. ഇത് വരും ദിവസങ്ങളില്‍ കൂട്ടാനാണ് തീരുമാനം.

ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കാനും തീരുമാനമായി. നിലവില്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്. ആവശ്യം വന്നാല്‍ കര്‍ണാടകയെക്കൂടി ആശ്രയിക്കാനുള്ള തീരുമാനവുമുണ്ട്. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കുഞ്ഞുങ്ങള്‍ക്കായുള്ള ഐ.സി.യു സംവിധാനങ്ങളും പൂര്‍ണതോതില്‍ സജ്ജമാക്കിവരികയാണ്.