Skip to main content

കൊച്ചി നഗരത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും ഡി.സി.പി ഐശ്വര്യ ദോഗ്രെയുടെ നിര്‍ദേശം. കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുമ്പോഴാണ് ഐശ്വര്യ ദോഗ്രെയുടെ പേരില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് അയച്ച വയര്‍ലെസ് സന്ദേശം പുറത്തായത്.

''സ്പെഷ്യല്‍ ഡ്രൈവ് നടത്താനുള്ള പെറ്റി കേസുകള്‍ കൂടുതല്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. പല സ്റ്റേഷനുകളുടെയും പെര്‍ഫോമന്‍സ് മോശമാണെന്ന് അറിയിക്കുന്നു. 9-12 പെര്‍ഫോമന്‍സ് പല സ്റ്റേഷനുകളിലും മോശമാണെന്ന് അറിയിച്ചിട്ടുണ്ട്. എസ്.എച്ച്.ഒമാര്‍ കൂടുതല്‍ ഡിറ്റന്‍ഷന്‍ നടത്തണമെന്ന് മാഡം അറിയിക്കുന്നുണ്ട്,'' വയര്‍ലെസ് സന്ദേശത്തില്‍ പറയുന്നു.

12-3 ഡിറ്റന്‍ഷന്‍ കൂടുതല്‍ വേണമെന്നും നിര്‍ദേശമുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച ശേഷവും പോലീസ് പിഴ ഈടാക്കിയത് എഴുപതിനായിരത്തോളം പേരില്‍ നിന്നെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പിഴയായി കേരള സര്‍ക്കാരിന് ലഭിച്ചത് 125 കോടി രൂപയാണ്.

ലോക്ക്ഡൗണ്‍ നിലവില്‍ വന്ന മെയ് 8 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച ആഗസ്ത് നാലുവരെ പോലീസ് 17.75 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  ഇതില്‍ നിന്ന് 125 കോടി രൂപയാണ് ഫൈനായി ഈടാക്കിയത്.