Skip to main content

'ഹരിത' വിഷയത്തില്‍ വനിതാകമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. പരാതി നല്‍കിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. 'ഹരിത' മുസ്ലീം ലീഗിന് തലവേദന എന്ന പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നു എന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഹരിതയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയാണ് ഫാത്തിമ. മുസ്ലിം ലീഗ് നേതൃത്വവും എം.എസ്എഫ് നേതാക്കളും പറഞ്ഞ ന്യായീകരണങ്ങളൊക്കെ തള്ളിയാണ് ഫാത്തിമ മാധ്യമങ്ങളോട് സംസാരിച്ചത്. ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തോട് എതിര്‍പ്പ് ലീഗിനെ അറിയിച്ചിട്ടുണ്ട്. 

നിരന്തരമായ അസ്വസ്ഥത കാരണം ആണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. പാര്‍ട്ടി വേദിയില്‍ പറഞ്ഞിട്ട് നടപടി വൈകിയതില്‍ മാത്രമാണ് വനിത കമ്മീഷനെ സമീപിച്ചത്. അതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നു. പ്രയാസങ്ങളില്‍ കൂടെ ആണ് ഇപ്പോഴും കടന്നു പോകുന്നത്. ഇപ്പോഴും പാര്‍ട്ടിയില്‍ പ്രതീക്ഷ ഉണ്ട്. സഹിക്കുന്നതിന്റെ അങ്ങേയറ്റം സഹിച്ചു. രണ്ടാഴ്ച കാത്തിരിക്കാന്‍ ലീഗ് നേതൃത്വം പറഞ്ഞു.

മുസ്ലീം ലീഗ് അന്ത്യ ശാസനം നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വനിതാ കമ്മീഷന് മുന്‍പില്‍ പോയത്. വനിത കമ്മീഷന് പരാതി നല്‍കിയതില്‍ അച്ചടക്ക ലംഘനം ഇല്ല. കമ്മീഷന് മുന്നില്‍ പോയത്  തെറ്റ് എന്ന് ഒരു ലീഗ് നേതാവും പറയില്ല. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതില്‍ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയില്‍ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു. കാണാ മറയത്ത് ഇരിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുടെ ശബ്ദമാണ് ഹരിത. എം.എസ്.എഫിനെ പോലും പല ക്യാമ്പസുകളിലും നയിക്കുന്നത് 'ഹരിത'യാണ്. ഇത് ഒരുപാട് മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ സംഘടനയ്ക്ക് സാധിച്ചു.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികള്‍ ആണ്. പാര്‍ട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത്. അത്രമാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകള്‍ ആണ്. പി.കെ നവാസ്  ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ ഉള്ള പരാതി ലീഗിനും എം.എസ്.എഫ് ദേശീയ കമ്മിറ്റിക്കും നല്‍കിയിരുന്നു. ദേശീയ കമ്മിറ്റി റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. പി.എം.എ സലാമിനെയും പരാതി ഏല്‍പ്പിച്ചു എന്നാണ് കിട്ടിയ വിശദീകരണം.