Skip to main content

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വയം ബഹുമാനമില്ലാതെ ആയിട്ട് നാളുകള്‍ ഏറെയായി. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം കേരള കോണ്‍ഗ്രസ് എം വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി പ്രസ്ഥാവനയാണ്. അദ്ദേഹം കോട്ടയത്ത് നടന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ സംസാരിക്കവെ പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന്. അത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണത്രെ. ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ വിജയരാഘവനും അതേ നിലപാടാണ് എടുത്തത്. മാണിയെ ഒരു പരിധിവരെ നിശ്ശബ്ദമാക്കുന്ന തരത്തില്‍ വിജയരാഘവന്‍ സാരിക്കുകയും ചെയ്തു. എന്തെല്ലാം രാഷ്ട്രീയപരമായ നിലപാടുകള്‍ വന്നാലും രേഖാമൂലമുള്ള വസ്തുതകള്‍ മുന്‍പിലുണ്ടായാലും അത് തങ്ങള്‍ക്ക് രാഷ്ട്രീയമായ അസൗകര്യം സൃഷ്ടിക്കുന്നതാണെങ്കില്‍ അത് മാധ്യമങ്ങളുടെ മേല്‍ നിര്‍ലജ്ജം പഴിചാരുന്ന പ്രക്രിയയാണ് കുറെ നാളുകളായി നേതാക്കള്‍ പിന്തുടര്‍ന്ന് പോരുന്നത്. 

നിയമസഭയില്‍ നടന്ന കയ്യാങ്കളി പ്രതിപക്ഷം അഴിമതിക്കെതിരെ നടത്തിയതാണെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ അഡ്വക്കേറ്റ് രഞ്ജിത്ത് വളരെ വ്യക്തമായി പറഞ്ഞ രേഖയുണ്ട്. ആ അഴിമതിക്കെതിരെ എന്ന് പറയുമ്പോള്‍ അത് കെ.എം മാണിക്കെതിരെ നടത്തിയത് തന്നെയാണ്. സുപ്രീംകോടതിയുടെ രേഖ മുന്നിലുണ്ടായിട്ടും കേരളത്തിലെ ഭരണകക്ഷിയുടെ നേതൃത്വം വഹിക്കുന്ന മുന്നണിയുടെ കണ്‍വീനറും ഘടകകക്ഷിയിലെ പ്രധാനപ്പെട്ട നേതാവും തങ്ങളുടെ രാഷ്ട്രീയ കൂട്ടുകെട്ടുമായി മുന്നോട്ട് പോകുന്നതിനായി മാധ്യമങ്ങളുടെ മേല്‍ പഴിചാരുന്ന പ്രക്രിയ നിര്‍ലജ്ജം നടത്തി എന്നുള്ളതാണ് ശ്രദ്ധേയമാകുന്നത്. ഏത് അസൗകര്യമുള്ള സാഹചര്യം വന്നാലും അത് മാധ്യമങ്ങളുടെ മേല്‍ ചാരിവെക്കുന്ന പ്രക്രിയയാണ് കുറച്ച് നാളുകളായി കാണാന്‍ സാധിക്കുന്നത്. അത് ആരും ചോദ്യം ചെയ്യില്ലെന്നും ഇത്തരം പ്രസ്ഥാവനകളെ മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാക്കിക്കൊള്ളുമെന്നും തങ്ങളുടെ പ്രസ്ഥാവനയെ അതേപടി സ്വീകരിക്കും എന്നുമുള്ള ഉത്തമ ബോധ്യത്തോടെയാണ് നേതാക്കള്‍ ഇത്തരത്തിലുള്ള പ്രസ്ഥാവനകള്‍ നടത്തുന്നത്. ഇത് മാധ്യമങ്ങളുടെ സ്വയം ബഹുമാനമില്ലായ്മയാണ് കാണിക്കുന്നത്. 

സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞത് എന്താണെന്നുള്ളതിന്റെ കൃത്യമായ രേഖ ലഭ്യമാണ്. ആ രേഖയില്‍ യഥാര്‍ത്ഥത്തില്‍ എന്താണോ പറഞ്ഞത് അത് പത്രങ്ങളും മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്ഥാവനയേക്കാള്‍ പ്രാധാന്യത്തോടെ കൊടുത്ത് ഇത്തരം പ്രസ്ഥാവനകളില്‍ നിന്നും നേതാക്കന്മാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിലൂടെയാണ് മാധ്യമങ്ങള്‍ തങ്ങളുടെ സ്വയം ബഹുമാനം നിര്‍വ്വഹിക്കേണ്ടത്. അത് ജനങ്ങളുടെ അഭിമാനത്തെ കൂടിയാണ് കാത്തുരക്ഷിക്കുന്നത്. വസ്തുതകളെ വസ്തുതകളായി ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ ഇത്തരം സ്വയം ബഹുമാനമില്ലായ്മയിലേക്ക് നീങ്ങുമ്പോള്‍ ജനങ്ങളുടെ ആത്മാഭിമാനത്തെ കൂടിയാണ് ചോദ്യം ചെയ്യുന്നത് എന്ന് മറക്കരുത്.