Skip to main content

സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

ആശുപത്രികളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ അപ്ഡേഷന്‍ ആശുപത്രികളില്‍ നിന്ന് പൂര്‍ത്തിയാക്കണം. ഇവ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. പുതിയ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനുള്ള പുതിയ രീതി അവലംബിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ.സി.എം.ആറിന്റെയും ഡബ്ല്യു.എച്ച്.ഒയുടെയും മാര്‍ഗനിര്‍ദേശ പ്രകാരമാണ് നേരത്തെയും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.