Skip to main content

രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിലേറുമ്പോള്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭയില്‍ 3 വനിതകള്‍ എന്നതും പ്രത്യേകതയാണ്. 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.പി.ഐക്ക് ആദ്യ വനിതാമന്ത്രി വരുന്നത്. മൂന്ന് പേരും രാഷ്ട്രീയ രംഗത്തും സ്ത്രീശാക്തീകരണ മേഖലകളിലും കഴിവു തെളിയിച്ചവരാണ്. കെ.കെ ഷൈലജ ടീച്ചറിന് മന്ത്രിസഭയിലിടമില്ലെന്ന ഞെട്ടിക്കുന്ന തീരുമാനത്തിന്റെ  ബഹളത്തിന് പിറകില്‍ നിറം മങ്ങിപ്പോയ നേട്ടമാണ് മൂന്ന് വനിതകളുടെ മന്ത്രിസ്ഥാനം. 

ഏറ്റവും വലിയ വെല്ലുവിളി വീണാ ജോര്‍ജിന് മുന്നിലാണ് എന്നതില്‍ സംശയമില്ല. കൈവെച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ട്രാക്ക് റെക്കോര്‍ഡാണ് വീണാ ജോര്‍ജിന്റെ കരുത്ത്. ഒരേ മുന്നണിയില്‍ നിന്ന് ആരോഗ്യമന്ത്രിസ്ഥാനത്ത് വനിതാ മന്ത്രിയുടെ തുടര്‍ച്ചയെന്ന അപൂര്‍വതയും ഉണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെന്ന കൈപൊള്ളുന്ന വകുപ്പും വനിതയുടെ കൈകളില്‍. തൃശ്ശൂരിലെ ആദ്യ വനിതാ മേയറായിരുന്ന ആര്‍.ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തേക്ക് എത്തുന്നതും ചരിത്രം കുറിച്ച്. നിയമനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളും ചരടുവലികളും വ്യവഹാരങ്ങളും കൊണ്ട് കുരുക്ക് നിറഞ്ഞ വകുപ്പിനെ നയിക്കല്‍ വെല്ലുവിൡയാണ് അവര്‍ക്ക്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരിക്കെ ഗൗരിയമ്മയെന്ന വന്മരത്തിന് ശേഷം സി.പി.ഐയുടെ വനിതാ മന്ത്രി, ചിഞ്ചുറാണി. 1964ന്  ശേഷം 57 വര്‍ഷങ്ങളും കടന്ന്. ഏറ്റെടുക്കുന്നത് ക്ഷീര വികസനവും മൃഗസംരക്ഷണവും. ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഭരണ മേഖലകളില്‍ കരുത്തു തെളിയിച്ചാണ് ചിഞ്ചുറാണിയെത്തുന്നത്. 

ചരിത്രമെന്ന് വിശേപ്പിക്കുമ്പോഴും വനിതാ പ്രാതിനിധ്യം ഇപ്പോഴും ഏഴിലൊന്ന് മാത്രമേ ആകുന്നുള്ളൂ. വനിതാപ്രാതിനിധ്യം കുറവെന്ന് ഇടതുപാര്‍ട്ടികള്‍ തന്നെ സ്വയം വിമര്‍ശനമായി അംഗീകരിച്ചു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്.