Skip to main content

'കേരം തിങ്ങും കേരളനാട് കെ.ആര്‍ ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുഴങ്ങിയിരുന്നു. പക്ഷേ രാഷ്ട്രീയ കേരളം കരുത്തയായ വനിതയ്ക്ക് ആ മുദ്രാവാക്യം അന്വര്‍ത്ഥമാക്കാന്‍ അവസരം നല്‍കിയില്ല. പതിനൊന്ന് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയിലുള്ള കെ.ആര്‍ ഗൗരിയമ്മയ്ക്ക് കേരളം ഒരു മുഖ്യമന്ത്രിക്കസേര നല്‍കാന്‍ വിസമ്മതിച്ചു.

1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാതെയായിരുന്നു സി.പി.എമ്മും ഇടതു മുന്നണിയും പോരാട്ടത്തിനിറങ്ങിയത്. ജയിച്ചാല്‍ കെ.ആര്‍. ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്നായിരുന്നു അനൗദ്യോഗിക പ്രചാരണം. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടേ എന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ മുദ്രാവാക്യം. കേരളത്തിലങ്ങോളമിങ്ങോളം അത് അലയടിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചതിനു പിന്നാലെ പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇ.കെ.നായനാര്‍ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും മുഖ്യമന്ത്രി ആവുകയും ചെയ്തു. 

അവഗണനയില്‍ ഗൗരിയമ്മ ക്ഷുഭിതയായി. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയി. ഗൗരിയമ്മയെ അനുനയിപ്പിച്ച പാര്‍ട്ടി നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, എക്സൈസ് വകുപ്പുകള്‍ നല്‍കി മന്ത്രിയാക്കി. ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു പിണങ്ങിയതോടെ എക്സൈസ് വകുപ്പ് പിന്നീട് ടി.കെ രാമകൃഷ്ണന് നല്‍കി. പിന്നീട് അങ്ങോട്ട് പല പ്രവര്‍ത്തനങ്ങളിലും കല്ലുകടി നേരിട്ടു. ഒടുവില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ സ്വാശ്രയസമിതിയില്‍ ഗൗരിയമ്മ അധ്യക്ഷയായതും പാര്‍ട്ടിയെ ചൊടിപ്പിച്ചു. സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒഴിയാതിരുന്നതോടെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഗൗരിയമ്മയ്‌ക്കെതിരെ തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്. 

തുടര്‍ന്ന് രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതിയാണു പില്‍ക്കാലത്തു ജെഎസ്എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയായത്. ഇതിനിടെ ജെ.എസ.്എസ് പിളര്‍ന്ന് രണ്ടായി. യുഡിഎഫിനോടു പിണങ്ങി മുന്നണി വിട്ട ഗൗരിയമ്മ അവസാനകാലത്ത് സി.പി.എമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പ്രായധിക്യം മൂലം പൊതുവേദികളില്‍ നിന്ന് വിട്ട് നിന്ന കെ.ആര്‍ ഗൗരിയമ്മ പുതുവത്സര ദിനത്തില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത വനിതാമതിലില്‍ പങ്കെടുക്കാനെത്തി. അനാരോഗ്യം കാരണം ദേശീയപാതയില്‍ നടന്ന വനിതാമതിലില്‍ ഗൗരിയമ്മയ്ക്ക് അണിചേരാനായില്ലെങ്കിലും വീടിനു പുറത്ത് നിന്ന് പെണ്ണിനോടുള്ള അനീതിയാണ് തന്നെ ഏറ്റവും അലട്ടിയതെന്ന് പറഞ്ഞ അവര്‍ സ്ത്രീകള്‍ വിവേചനത്തിനെതിരെ കൈകോര്‍ത്തു പിടിച്ച വനിതാ മതിലിനൊപ്പംചേര്‍ന്നു നിന്നു. അനേകം സമര പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന ഗൗരിയമ്മ ഒരുപക്ഷേ അവസാനമായി അണിചേര്‍ന്നത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വേണ്ടിയുള്ള ആ പോരാട്ടത്തിനൊപ്പമായിരുന്നു.

ക്രൗഡ് പുള്ളറായിരുന്ന കേരളത്തിലെ വനിതാ നേതാവായിരുന്നു ഗൗരിയമ്മ. അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ കേരളത്തില്‍ കോളിളക്കം തന്നെയുണ്ടായി, പ്രത്യേകിച്ച് ആലപ്പുഴയില്‍. കെ.ആര്‍ ഗൗരിയമ്മ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ നൂറ് അംഗങ്ങള്‍ പോലും ഉണ്ടാകില്ലെന്ന് അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഗൗരിയമ്മ രൂപീകരിച്ച ജെ.എസ്.എസില്‍ സി.പി.ഐ.എമ്മില്‍ നിന്നും പലരും പോയി.

ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തെ പുരോഗമന വഴിയില്‍ നടത്തിച്ച സുപ്രധാന ഇടപെടലുകള്‍ക്ക് തുടക്കമിട്ടതില്‍ പ്രധാനിയാണ് കെ.ആര്‍ ഗൗരിയമ്മ. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ എക്സൈസ് വകുപ്പുകളുടെ ചുമതലയായിരുന്നു കെ.ആര്‍ ഗൗരിയമ്മക്ക്. പിന്നീട് വിവിധ സര്‍ക്കാരുകളിലായി അഞ്ച് തവണ കെ.ആര്‍ ഗൗരിയമ്മ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

കെ.ആര്‍ ഗൗരിയമ്മ വിടവാങ്ങുമ്പോള്‍ അത് ആധുനിക കേരളത്തെ കെട്ടിപ്പടുത്തതില്‍ പ്രധാനിയുടെ വിയോഗമാണ്. കേരള രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച അനേകം നിയമങ്ങള്‍, കേരളത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച പരിഷ്‌കരണങ്ങള്‍, ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവ്. രാഷ്ട്രീയത്തിലെ ഉറച്ച ശബ്ദം, ആരെയും കൂസലില്ലാതെ നേരിട്ട പ്രകൃതം, ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തിയ മന്ത്രി. കേരളത്തിന് ലഭിക്കാതെ പോയ വനിതാ മുഖ്യമന്ത്രി കൂടിയാണ് കെ.ആര്‍ ഗൗരിയമ്മ.