Skip to main content

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെ പൊന്നാനിയില്‍ സി.പി.എമ്മിലുണ്ടായ കലാപം തുടരുന്നു. സി.പി.എമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് സൂചന. സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ.മഷൂദ്, നവസ് നാക്കോല, ജമാല്‍ എന്നിവരാണ് രാജിവച്ചത്. ഇന്നലെ നടന്ന പരസ്യ പ്രതിഷേധത്തിനെതിരെ സി.പി.എം നേതാക്കള്‍ പ്രതികരിച്ച രീതിയും അണികളെ പ്രകോപിതരാക്കിയിട്ടുണ്ട്. 

പൊന്നാനിയിലെ തീരദേശ മേഖലയിലാണ് നിലവില്‍ പ്രധാനമായും പ്രതിഷേധമുള്ളത്. പി.നന്ദകുമാറിന് വേണ്ടി പ്രചാരണത്തിന് തങ്ങളെ കിട്ടില്ലെന്നാണ് കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ നിലപാട്. പരമ്പരാഗതമായി സി.പി.എം അനുഭാവികളായ കുടുംബങ്ങളില്‍ നിന്നുള്ളവരടക്കം സ്ഥാനാര്‍ത്ഥി പ്രശ്‌നത്തില്‍ തിരിഞ്ഞത് പാര്‍ട്ടിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 

സംസ്ഥാന സമിതി നന്ദകുമാറിന്‍െ പേര് നിര്‍ദേശിക്കപ്പെട്ട ഘട്ടത്തിലും സിദ്ധീഖിന്റെ പേര് ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചില്ലെന്നാണ് സൂചന. വളരെ കാലമായി സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന പി.നന്ദകുമാര്‍ നേരത്തെ തന്നെ നേതൃതലത്തില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ്. തുഞ്ചന്‍ പറമ്പ് കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം സാംസ്‌കാരികരംഗത്തും സജീവമാണ്. സി.പി.എം നേതൃനിരയിലുള്ളവരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ഇതെല്ലാമാണ് പൊന്നാനിയില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.