വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ.പി.സി.സി. സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ എം.എസ്. വിശ്വനാഥന് ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കല്‍പ്പറ്റ പ്രസ്ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഇടത് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതോടെ വിശ്വനാഥന് സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി.നേരത്തെ എല്‍.ഡി.എഫ് നേതൃത്വവുമായി അദ്ദേഹം അനൗദ്യോഗിക ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് തുടര്‍ച്ചയായി രാജിവെക്കുന്നത് നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം കെപിസിസി അംഗം കെ.കെ.വിശ്വനാഥന് രാജിവെച്ചിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെയായിരുന്നു ഇത്. അന്തരിച്ച മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനാണ് തിങ്കളാഴ്ച പാര്‍ട്ടി വിട്ട കെ.കെ. വിശ്വനാഥന്.
കുറുമ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ബത്തേരി നിയോജക മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. വിശ്വനാഥന് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിറ്റിങ് എം.എല്‍.എ ഐ.സി.ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.