Skip to main content

പാലായ്ക്കു പിന്നാലെ കുട്ടനാട് സീറ്റും എന്‍.സി.പി.ക്ക് നഷ്ടപ്പെടും. എന്‍.സി.പി.യുടെ സിറ്റിംഗ് സീറ്റില്‍ കഴിഞ്ഞ രണ്ടു തവണയും തോമസ് ചാണ്ടിയായിരുന്നു ഇടതുമുന്നണിയില്‍ നിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തരം സഹോദരന്‍ തോമസ് കെ.തോമസ് സീറ്റിന് അവകാശമുന്നയിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണം അനൗപചാരികമായി ആരംഭിക്കുകയും ചെയ്തിരുന്നു. പാലാ സീറ്റ് എന്‍.സി.പി.യില്‍ നിന്ന് പിടിച്ചെടുത്ത് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കൊടുത്തു പോലെ കുട്ടനാട് എന്‍.സി.പി.യില്‍ നിന്ന് പിടിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ പോകുന്നുവെന്നാണ് വിവരം. മുന്‍ കുട്ടനാട് എം.എല്‍.എ കൂടിയായ ഡോ.കെ.സി.ജോസഫ് ആയിരിക്കും സ്ഥാനാര്‍ത്ഥി.

സി.പി.എം. ആലപ്പുഴ ജില്ലാ ഘടകത്തിന്റെ ഒത്താശയോടെ നടന്ന ഈ ആസൂത്രണത്തിന് മുമ്പില്‍ നിസ്സഹായരായി നില്‍ക്കുകയാണ് എന്‍.സി.പി കേരള ഘടകം. പാലാ സീറ്റിന്റെ പേരില്‍ മാണി സി. കാപ്പന്‍ മുന്നണി വിടണമെന്ന് പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അതിനെതിരു നിന്നയാളാണ് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ്. ഇപ്പോള്‍ കുരുക്ക് തോമസ് കെ.തോമസിന്റെ കഴുത്തില്‍ വീണപ്പോള്‍ സഹായത്തിനാരുമില്ലാത്ത അവസ്ഥയാണ്. 

എന്‍.സി.പി.ക്ക് സീറ്റ് നല്‍കിയാല്‍ ജയ സാധ്യതയില്ലെന്നാണ് എല്‍.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്. തോമസ് കെ.തോമസിന് സഹോദരനെ പോലെ സ്വീകാര്യതയില്ല. അദ്ദേഹം മുന്നണി വിട്ടു പോയാല്‍ നഷ്ടമൊന്നും സംഭവിക്കാനുമില്ലെന്ന് സി.പി.എം. ജില്ലാ നേതൃത്വം കണക്കു കൂട്ടുന്നു. യു.ഡി.എഫ് ഈ സീറ്റ് ജോസഫ് ഗ്രൂപ്പിനാണ് നല്‍കുന്നത്.