Skip to main content

അന്തരിച്ച വിപ്ലവ നായിക കെ.ആര്‍ ഗൗരി അമ്മ തന്റെ ചിതയിലൂടെയും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. ഗൗരി അമ്മയുടെ ആഗ്രഹപ്രകാരം സംസ്‌കരിച്ച പുന്നപ്രയിലെ വലിയ ചുടുകാടില്‍ നിന്ന് ബന്ധുക്കള്‍ അസ്ഥി ശേഖരിച്ചു. പൂജാവിധികളുടെ അകമ്പടിയോടെയാണ് ഗൗരി അമ്മയുടെ അസ്ഥി കലശത്തിലേക്ക് മാറ്റിയത്. ഹിന്ദുമത ആചാരപ്രകാരം അസ്ഥി സമുദ്രത്തില്‍ ഒഴുക്കുകയും ചെയ്യും. വലിയ ചുടുകാടിന്റെ രക്തസാക്ഷി മണ്ഡപത്തിന്റെ രക്തസാക്ഷി സ്തൂപത്തിനെ സാക്ഷിയാക്കിയാണ് ഗൗരിയമ്മയുടെ അസ്ഥി ശേഖരിച്ചത്. ഗൗരി അമ്മയുടെ ഭൗതിക ശരീരം വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കാന്‍ അനുവദിക്കേണ്ടിയിരുന്നില്ല എന്ന് ഒരുപക്ഷെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ തോന്നിയിട്ടുണ്ടാവും. 

കേരളത്തിലെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും നേതാക്കന്മാരെ എടുത്ത് നോക്കിയാല്‍ ഗൗരി അമ്മയോളം വിപ്ലവ വീര്യം പ്രകടിപ്പിച്ച മറ്റാരും ഉണ്ടാവില്ല. ആ വിപ്ലവപര്യത ഈ ഒരു പരിണാമത്തിലേക്ക് എങ്ങനെ എത്തപ്പെട്ടു എന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാത്രമല്ല കേരളത്തിലെ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള ചടങ്ങും അസ്ഥി ശേഖരിക്കുന്നതുമൊക്കെ ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളാണ്. ഇതിലെ പല ചടങ്ങുകളും പ്രതീകാത്മകമാണ്. അത് സൂചിപ്പിക്കുന്നത് മരണം എന്നത് ഒരു പ്രക്രിയ മാത്രമാണെന്നാണ്. ഈ അറിവിലാണോ ഗൗരി അമ്മ ചിതാഭസ്മം ശേഖരിച്ച് കടലിലൊഴുക്കാന്‍ ആഗ്രഹിച്ചത് എന്ന് ചോദിച്ചാല്‍ അങ്ങനെ ആവാന്‍ ഇടയില്ല എന്നതാണ് ബോധ്യമാകുന്നത്. ഈ ആചാരങ്ങളുടെ ഉള്ളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള അര്‍ത്ഥതലങ്ങളെ അറിയാതെയാണ് പലരും ഇത് അനുഷ്ഠിക്കുന്നത്. ആചാരങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ജാതിയും മതവുമെല്ലാം നിരര്‍ത്ഥകമാണെന്നും മരണം വെറുമൊരു പ്രക്രിയ മാത്രമാണെന്നും മനസ്സിലാവുന്നതാണ്. കേരളത്തില്‍ ആചാരങ്ങളുടെ അര്‍ത്ഥം മൂടപ്പെട്ടു കിടക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും ഓര്‍ക്കേണ്ടതാണ്.