Skip to main content
തൃശ്ശൂര്‍

T P-jailടി.പി ചന്ദ്ര​ശേഖരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്‍പതു പ്രതികളെയും ഒരേ ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകി.

 

പ്രതികളെ കാണാനായി കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലായി 90-ല്‍ അധികം പേരാണ് ജയിലില്‍ എത്തിയത്. സന്ദര്‍ശന ബാഹുല്യം ജയിലില്‍ പലതരം പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നത് കൂടാതെ ജയിലിലേക്ക് കൊണ്ടുവന്ന ദിവസം മുതല്‍ പ്രതികൾ വാർഡന്മാരെ അസഭ്യം പറയുകയും കയർത്തു സംസാരിക്കുകയും ചെയ്യുന്നുണ്ട്.

 

ജയിൽ കീഴ്‌വഴക്കങ്ങൾ പാലിക്കാതെ സന്ദർശകർ ടി.പി കേസിലെ പ്രതികളെ കാണാനെത്തുന്നത് മറ്റു തടവുകാർക്കിടയിൽ പ്രതിഷേധത്തിനും അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്. അത് അക്രമത്തിന് ഇടയാകാനും സാധ്യതയുണ്ട്.

 

ഗൂഢാലോചന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി പ്രതികളെ പ്രത്യേകം സെല്ലുകളിലായാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. സെല്ലിനു പുറത്തിറങ്ങുമ്പോള്‍ സംഘടിതമായി ജയില്‍ അധികൃതരോട് തട്ടിക്കയറുക, കാരണം ഉണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രതികളെ മൂന്നു സെൻട്രൽ ജയിലുകളിലായി വിഭജിച്ച് പാർപ്പിക്കണമെന്ന്‍ ഇന്‍റലിജൻസ് ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തത്.