Skip to main content
തിരുവനന്തപുരം

K K Ramaടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കെ.കെ രമ നടത്തുന്ന നിരാഹസമരം നാലാം ദിവസത്തില്‍. സര്‍ക്കാരുമായുളള ഒത്തുതീര്‍പ്പ്‌ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

 

കേസുമായി ബന്ധപ്പെട്ട് അര്‍ദ്ധരാത്രിയോടെ പോലീസ് സമരപന്തലിലെത്തി രമയുടെ മൊഴി രേഖപ്പെടുത്തി. തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് രമ പോലീസില്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്  ഡോക്ടര്‍മാര്‍ എത്തി രമയെ പരിശോധിച്ചു. ആശുപത്രിയിലേക്ക് മാറാന്‍ നിര്‍ദേശം ഉണ്ടായെങ്കിലും രമ സമ്മതിച്ചില്ല.

 

അതിനിടെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടിയതിന് രമക്കും ആര്‍.എം.പി നേതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. രമയെ അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ രാത്രി സമര പന്തലിന് കാവല്‍ നിന്നു.

 

വൈകുന്നേരം 6 മണിയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആര്‍.എം.പി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സി.ബി.ഐ അന്വേഷണമെന്ന രമയുടെ ആവശ്യത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ പ്രഖ്യാപനത്തിന് സാവകാശം വേണമെന്നും മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു.

 

അതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനം ഉണ്ടായെങ്കിലും ശേഷം നടന്ന ആര്‍.എം.പി നേതൃയോഗത്തില്‍ വച്ച് കൃത്യമായ പ്രഖ്യാപനമില്ലാതെ ഏന്തെങ്കിലും ഉറപ്പില്‍ സമരം നിറുത്തേണ്ട കാര്യമില്ലായെന്ന ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നതോടെ സമരം തുടരാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.