Skip to main content
കോഴിക്കോട്

tp chandrasekharanആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വധത്തിനു പിന്നില്‍ സി.പി.ഐ.എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ പരാതിയില്‍ കോഴിക്കോട് എടച്ചേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടി.പി വധക്കേസിലെ ഗൂഡാലോചനയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.

 

നാളെ (ബുധനാഴ്ച) ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. വിചാരണ പൂര്‍ത്തിയായ കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിലെ നിയമപ്രശ്നം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കരുതപ്പെടുന്നു.

 

സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍ ഈ കേസ് ആയിരിക്കും സി.ബി.ഐ അന്വേഷിക്കുക. ടി.ടി ചന്ദ്രശേഖരനെതിരെയുള്ള വധശ്രമത്തില്‍ 2009-ല്‍ കണ്ണൂര്‍ ചോമ്പാല പോലീസ് സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസും സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും.

 

രമയുടെ നിരാഹാര സമരം ഇന്ന്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു. നേരത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ സമരവേദിയിലെത്തി അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചിരുന്നു.