Skip to main content
വടകര

kk remaആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ ഇന്ന്  (തിങ്കളാഴ്ച) മുതല്‍ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സമരത്തില്‍ നിന്ന്‍ പിന്മാറില്ലെന്നും സര്‍ക്കാര്‍ തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും രമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

അതേസമയം, സി.ബി.ഐ അന്വേഷണം സംബന്ധിച്ച നിയമോപദേശം സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസിഫ് അലിയുടെ നിയമോപദേശം. ഭരണമുന്നണിയായ യു.ഡി.എഫും സി.ബി.ഐ അന്വേഷണത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്ന്‍ പ്രാദേശിക സി.പി.ഐ.എം നേതാക്കളെ ഗൂഡാലോചന കുറ്റത്തിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, വധത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് ആര്‍.എം.പിയുടെ ആരോപണം.