Skip to main content
തിരുവനന്തപുരം

KK Ramaടി.പി.ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐയ്ക്ക് വിടാൻ നിയമതടസം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കേസ് എത്രയും വേഗം സി.ബി.ഐയെ ഏല്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ   തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സമരത്തില്‍ നിന്ന്‍ പിന്മാറില്ലെന്നും സര്‍ക്കാര്‍ തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും രമ പറഞ്ഞു.

 

അതേസമയം, സി.ബി.ഐ അന്വേഷണം സംബന്ധിച്ച നിയമോപദേശം സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസിഫ് അലിയുടെ നിയമോപദേശം. ഭരണമുന്നണിയായ യു.ഡി.എഫും സി.ബി.ഐ അന്വേഷണത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

 

ടി.പി. വധക്കേസില്‍ കെ.കെ.രമ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാരസമരം യു.ഡി.എഫ് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.