Skip to main content

തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് തനിക്ക് തിരിച്ചടിയാവില്ലെന്നും അവരുടെ വോട്ടുകളും തനിക്ക് ലഭിക്കുമെന്നും വട്ടിയൂര്‍ക്കാവിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്.ആവേശകരമായ ഉപതെരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

'എന്‍എസ്എസില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരുണ്ട്. അതിനാല്‍ തന്നെ എന്‍എസ്എസ് വോട്ടുകളും ലഭിക്കും,' എന്നും ഒരു തീരുമാനവും ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ കെ മോഹന്‍കുമാറിനാണ് എന്‍എസ്എസ് പിന്തുണയെന്ന് നേരത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കാണ് വഴിതെളിച്ചത്.

ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പ്രചാരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. ജാതി പറഞ്ഞ് സമുദായ സംഘടനകള്‍ വോട്ട് പിടിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണറായ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു.