Skip to main content
ന്യൂഡല്‍ഹി

 

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശപര്യടനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മ്യാന്‍മറിലേക്ക് തിരിച്ചു. മ്യാന്‍മര്‍ തലസ്ഥാനമായ നായ്‌ പി താവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ഏസിയനുമായുള്ള ഉച്ചകോടിയിലും കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയിലും ആസ്ത്രേലിയയിലെ ബ്രിസ്ബെയ്നില്‍ ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും. പസിഫിക് ദ്വീപുരാഷ്ട്രമായ ഫിജിയും മോദി സന്ദര്‍ശിക്കും.

 

 

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റേയും ഏഷ്യന്‍ നൂറ്റാണ്ട് എന്ന സ്വപ്നത്തിന്റേയും കേന്ദ്രമാണ് ഏസിയന്‍ എന്ന്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച യാത്ര തിരിക്കുന്നതിന് മുന്‍പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. പത്തംഗ ഏസിയനിലെ ഓരോ രാഷ്ട്രവുമായും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി അറിയിച്ചു. പര്യടനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40-ല്‍ അധികം രാജ്യങ്ങളിലെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

നായ്‌ പി താവില്‍ മ്യാന്‍മര്‍ പ്രസിഡന്റ് തിയെന്‍ സെയിനിനു പുറമേ, റഷ്യാ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ്,ദക്ഷിണ കൊറിയാ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍-ഹെ, സിംഗപ്പൂര്‍ പ്രസിഡന്റ് ടോണി ടാന്‍ എന്നിവരുമായി മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

ബ്രുണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, സിംഗപ്പൂര്‍, തായ്ലാണ്ട്, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങള്‍ അടങ്ങുന്നതാണ് ഏസിയന്‍. ഈ രാഷ്ട്രങ്ങള്‍ക്ക് പുറമേ, ആസ്ത്രേലിയ, ചൈന, ജപ്പാന്‍, ന്യൂസിലണ്ട്, ദക്ഷിണ കൊറിയ, റഷ്യ, യു.എസ് എന്നീ രാഷ്ട്രങ്ങള്‍ ചേരുന്നതാണ് കിഴക്കന്‍ ഏഷ്യാ ഉച്ചകോടി.

 

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ജി-20. കള്ളപ്പണത്തിനെതിരെയുള്ള അന്താരാഷ്ട്ര സഹകരണം ഉച്ചകോടിയില്‍ പ്രധാന വിഷയമായിരിക്കുമെന്നു മോദി പറഞ്ഞു.