Skip to main content
ന്യൂഡല്‍ഹി

sagy

 

സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രഖ്യാപിച്ച സന്‍സദ്‌ (എം.പി) ആദര്‍ശ ഗ്രാമ പദ്ധതിയ്ക്ക് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയും അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെ നായകനുമായിരുന്ന ജയപ്രകാശ് നാരായണിന്‍റെ ജന്മദിന വാര്‍ഷികത്തിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. ജനായത്തത്തില്‍ നിന്ന്‍ രാഷ്ട്രീയത്തെ വേര്‍തിരിക്കാന്‍ ആകില്ലെന്ന ജയപ്രകാശ് നാരായണിന്‍റെ സന്ദേശം പ്രസക്തമാണെന്നും ഇന്ന നമുക്ക് നല്ല രാഷ്ട്രീയമാണ് ആവശ്യമെന്നും മോദി പറഞ്ഞു.

 

ലോകസഭയിലേയും രാജ്യസഭയിലേയും എം.പിമാര്‍ ഓരോ ഗ്രാമത്തെ ദത്തെടുത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നേതൃത്വം വഹിക്കുന്നതാണ് പദ്ധതി. രാജ്യത്തെ 793 എം.പിമാര്‍ 2019-നകം മൂന്ന്‍ ഗ്രാമങ്ങളെ ദത്തെടുത്താല്‍ ഏകദേശം 2,500 ഗ്രാമങ്ങള്‍ ആദര്‍ശ ഗ്രാമങ്ങള്‍ ആകുമെന്ന് ശനിയാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകസഭാ എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ നിന്നും രാജ്യസഭാ എം.പിമാര്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ രാജ്യത്തെവിടെയും നിന്നും നഗരപ്രദേശങ്ങളില്‍ നിന്നുള്ള ലോകസഭാ എം.പിമാര്‍ സമീപ മണ്ഡലത്തില്‍ നിന്നുമുള്ള ഗ്രാമത്തെയാണ്‌ ദത്തെടുക്കേണ്ടത്.

 

ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ മേഖലകള്‍ക്ക് ആണ് പദ്ധതിയില്‍ പ്രാമുഖ്യം കൊടുക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഗ്രാമ വികസന പദ്ധതികള്‍ തയ്യാറാക്കി ജില്ലാ കളക്ടറുടെ ഏകോപനത്തില്‍ നടപ്പിലാക്കണം. നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളും അധികമായ വിഭവസമാഹരണവും പദ്ധതി നടത്തിപ്പിനായി വിനിയോഗിക്കും.