Skip to main content

 

മാഡിസൺ ചത്വരത്തിൽ ഇളകിമറിഞ്ഞ ജനത്തോട് പ്രധാനമന്ത്രി മോദി സംസാരിച്ചതിന്റെ കൂട്ടത്തിൽ സാന്ദർഭികമായി ഒരു കാര്യം അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം പതിനഞ്ചു മിനിട്ടുപോലും താൻ  അവധിയെടുത്തിട്ടില്ലെന്ന്. അത് വിശ്വസനീയമാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും വിശ്രമമില്ലാതെ പ്രവൃത്തിയെടുക്കുന്നതിന്റെ പ്രതിഫലനങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരേ ദിശയിലേക്കുതന്നെയാണ് വിരൽ ചൂണ്ടുന്നത്. മേക്ക് ഇൻ ഇന്ത്യയുടെ ഉദ്ഘാടനം നിർവഹിച്ചതിനുശേഷം യു.എസിലേക്ക് വിമാനം കയറിയ മോദി ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ മാഡിസൺ ചത്വരത്തില്‍ നിന്നുകൊണ്ട് പ്രഖ്യാപിച്ചു, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന്. പിന്നീടദ്ദേഹം ഒന്നുകൂടി വിശദമാക്കി,  ഈ നൂറ്റാണ്ട് ഏഷ്യയുടേതാണെന്നും. തനിക്ക് വിസ നിഷേധിച്ച രാജ്യത്തിന്റെ നെഞ്ചിൽ നിന്നുകൊണ്ടാണ് അത് പ്രഖ്യാപിച്ചത് എന്നുള്ളത് ആ പ്രഖ്യാപനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. മോദിയുടെ യു.എസ് സന്ദർശനം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വിജയം കണ്ടു എന്ന് പറയാവുന്നതാണ്. മോദിവിമർശകർ ഇതിനെയെല്ലാം സ്റ്റേജ് ഷോ അല്ലെങ്കിൽ ഇവന്റ് മാനേജ്‌മെന്റ് വിജയം എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, എല്ലാ രാഷ്ട്രത്തലവരുടേയും സന്ദർശനങ്ങൾ മുൻകൂട്ടി തയ്യാറാക്കിത്തന്നെയാണ് നടത്തപ്പെടാറുള്ളത്. പലപ്പോഴും അവയൊക്കെ വഴിപാടായി മാറാറുണ്ട്. വഴിപാട് പരിപാടികൾക്ക് ഇല്ല എന്നുള്ളതാണ് തന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മുതൽ മോദി തെളിയിച്ചുകൊണ്ടിരിക്കുന്നത്. എന്തും വഴിപാടാകുന്നത് ഫലലബ്ധിയെ ഇല്ലാതാക്കും. കുറേക്കഴിച്ച് ഈ വഴിപാടുകൾ അനാചാരങ്ങളായി മാറുകയും ചെയ്യും. അതു കണ്ടുശീലിച്ചതുകൊണ്ടാകാം വിമർശകർ ഇവ്വിധം വിജയങ്ങൾ കാണുമ്പോൾ അസ്വസ്ഥരാകുന്നത്.

 

മോദിയുടെ ഭൂതകാലത്തെക്കുറിച്ച് വിഭിന്ന അഭിപ്രായം സൂക്ഷിക്കുന്നവരുണ്ടാകും. അതേപോലെ അദ്ദേഹത്തിന്റെ വികസനമാതൃക ചിലപ്പോൾ അപകടകരങ്ങളുമായെന്നിരിക്കാം. അദ്ദേഹം പ്രധാനമന്ത്രിയായത് ഇന്ത്യയിലെ ജനായത്ത സംവിധാനത്തിന്റെ ശക്തിമൂലമാണ്. അതും മുപ്പതു വർഷങ്ങൾക്കു ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷത്തോടെ. ജനായത്തത്തിൽ വിശ്വസിക്കുമ്പോൾ അതിന്റെ അന്തസത്തയെ ഉൾക്കൊള്ളാനും അംഗീകരിക്കാനും ഏവരും തയ്യാറാകേണ്ടതാണ്. അതിനാൽ പ്രധാനമന്ത്രി മോദിയെ തുടക്കത്തിൽ തന്നെ വിമർശനത്തിന്റെ വെടിയുണ്ടകളുമായി നേരിടുന്നത് ജനായത്ത സംവിധാനത്തിന്റെ സർഗ്ഗാത്മകപ്രവർത്തനത്തിനും സാധ്യതകൾക്കും മങ്ങലേൽപ്പിക്കും. അതിനാൽ ഇപ്പോൾ മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുക എന്നതാകണം വിമർശനം സർഗ്ഗാത്മകമാകാനും വിമർശകർക്ക് വിശ്വാസ്യത ഉണ്ടാകാനും ആവശ്യം. ക്രിയാത്മകമായ വിമർശനവും നിരീക്ഷണവും മറ്റെന്നെത്തേക്കാളും അടിയന്തരാവശ്യമായ കാലഘട്ടത്തിലേക്കാണ് മോദിയുടെ ഭരണം ഇന്ത്യയെ കൊണ്ടുപോകുന്നത്. തീരുമാനങ്ങൾ വേഗത്തിൽ എടുക്കുകയും അവ നടപ്പാക്കുകയും ചെയ്യുമ്പോൾ വീഴ്ചകളും പോരായ്മകളും സംഭവിക്കുക സ്വാഭാവികമാണ്. അപ്പോൾ ക്രിയാത്മക വിമർശനം ഉണ്ടായെങ്കിൽ മാത്രമേ അവ പരിഗണിക്കപ്പെടുകയുള്ളു. ജനങ്ങളും അവയെയാണ് കണക്കിലെടുക്കുക. അതുകൊണ്ട് രാജ്യതാൽപ്പര്യത്തെ മുന്നിൽ കണ്ട് കുറഞ്ഞത് ആറ് മാസമെങ്കിലും മോദിയെ വിമർശിക്കാതെ വീക്ഷിക്കുകയാണ് വിമർശകർ ചെയ്യേണ്ടത്.

 

മോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യയുടെ യശ്ശസ്സില്‍ ഇതിനകം ഗുണപരമായ മാറ്റം അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരമായും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ പാകിസ്ഥാന് കൊടുത്ത മറുപടിയും ഇന്ത്യയുടെ ആഭ്യന്തരനയത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ വീക്ഷണത്തോടും ചേർന്നു നിൽക്കുന്നു. അതോടൊപ്പം പക്വതയും വ്യക്തതയും പ്രകടമാക്കുന്നു. ഭീകരവാദത്തിന്റെ നിഴലിൽ ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നുള്ളത് ഇന്തോ-പാക് ചർച്ചയേയും മോദിസർക്കാർ വെറും വഴിപാടാക്കി ഒതുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണാൻ കഴിയും. ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയും ഏതു താൽപ്പര്യങ്ങളാണ് അതിലൂടെ സംരക്ഷിക്കപ്പെടുന്നതുമെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. അവിടെ നടത്തിയ കന്നിപ്രസംഗവും ശ്രദ്ധേയമായിരുന്നു. ഐക്യരാഷ്ട്രസഭയെ കാലാനുസൃതമായി പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ജി-എട്ട് പോലുള്ള കൂട്ടായ്മകളെ ചോദ്യം ചെയ്യുകയുമുണ്ടായി.

narendra modi

 

തന്റെ ഓരോ ചലനത്തിലും ഭാവത്തിലും ഇന്ത്യയുടെ മുദ്ര പതിപ്പിക്കുന്നതിലും മോദി അതിസൂക്ഷ്മമായി ശ്രദ്ധിക്കുകയുണ്ടായി. വസുധൈവ കുടുംബകം എന്ന ഇന്ത്യൻ സംസ്കാരത്തെ പിൻപറ്റിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലേയും പ്രസ്താവനകളിലേയും ഊന്നൽ. ഇന്ത്യയും യു.എസും ഒന്നിച്ചു നീങ്ങുന്നതിലൂടെ ഇരുരാജ്യങ്ങൾക്കുമല്ല ലോകത്തിനു മുഴുവൻ അതിന്റെ പ്രയോജനമുണ്ടാവുമെന്ന് പ്രഖ്യാപിക്കുന്ന ചലേ സാത് സാത് സംയുക്തപ്രസ്താവനയും ഉചിതമായി. മോദിയുടെ പൊതുവേദിയിലെ വരവുകളും ശരീരഭാഷയുമെല്ലാം ഊർജ്ജസ്വലമായിരുന്നു എന്നുളളതും ശ്രദ്ധേയം തന്നെ. ഒരു നേതാവിനുണ്ടാകേണ്ട പ്രാഥമികമായ ഗുണമാണ് അത്. ആഭ്യന്തര അജണ്ടയെ കൃത്യമായും സൂക്ഷ്മമായും വിദേശനയവുമായി വിന്യസിപ്പിക്കാനും അത് ലോകത്തോട് സംവേദനം ചെയ്യാനും കഴിഞ്ഞു എന്നതാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ വലിയ നേട്ടവും വിജയവും. അമേരിക്കൻ സന്ദർശനത്തെ ലോകജനതയോട് സംവദിക്കാനുള്ള മാധ്യമമായും വിനിയോഗിച്ചു എന്നുള്ളതും മോദിയുടെ വിജയമാണ്.