സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനമായി. ഇതോടൊപ്പം വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിനം നവംബർ 21-ന് കൊച്ചിയിൽ നടക്കും. ചൊവ്വാഴ്ച ചേര്‍ന്ന ബി.സി.സി.ഐ ഫിക്സര്‍ കമ്മിറ്റി യോഗത്തില്‍ ആണു തീരുമാനം.
സച്ചിന്റെ വിരമിക്കല്‍ മത്സരമായ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് നവംബര്‍ 14 മുതല്‍ 18 വരെയാണ് നടക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് നവംബര്‍ ആറ് മുതല്‍ 10 വരെ നടക്കുന്ന ആദ്യ ടെസ്റ്റ്. കഴിഞ്ഞ ഒക്ടോബര്‍ 10-നാണ് സച്ചിന്‍ ഇരുനൂറാം ടെസ്റ്റിനു ശേഷം താന്‍ വിരമിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിടവാങ്ങല്‍ മത്സരം മുംബൈയില്‍ കളിക്കണമെന്നായിരുന്നു സച്ചിന്റെ ആഗ്രഹവും.
രാജീവ് ശുക്ല അദ്ധ്യക്ഷനായ ഫിക്സ‌്ചേഴ്സ് ആൻഡ് പ്രോഗ്രാംസ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. 1989 നവംബർ 15-ന് കറാച്ചിയിൽ പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ്.
