സിറിയയില്‍ രാസായുധങ്ങള്‍ വ്യാപകമായി ഉപയോഗിച്ച ആക്രമണം കഴിഞ്ഞ മാസം നടന്നതിന് വ്യക്തവും ഉറച്ചതുമായ തെളിവുകളുണ്ടെന്ന് യു.എന്‍ പരിശോധകര്. പരിശോധനാ ഫലങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സംഘം ഞായറാഴ്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് സമര്‍പ്പിച്ചു.
ആഗസ്ത് 21-ന് ഡമാസ്കസിന് സമീപം ഘൗട പ്രദേശത്ത് സരിന് എന്ന രാസായുധം ഉപരിതല റോക്കറ്റുകളിലൂടെ പ്രയോഗിച്ചതായി സംഘം ശേഖരിച്ച പാരിസ്ഥിതിക, രാസ, വൈദ്യ സാമ്പിളുകള്‍ തെളിയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മൂണ്‍ തിങ്കളാഴ്ച ഐക്യരാഷ്ട്ര രക്ഷാസമിതിക്ക് കൈമാറി.
രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏത് വസ്തുവാണ് പ്രയോഗിച്ചതെന്നും കണ്ടെത്തുകയായിരുന്നു സ്വീഡിഷ് പരിശോധനാ സംഘത്തിന്റെ ദൌത്യം. ആരാണ് ആക്രമണത്തിന് ഉത്തരവാദി എന്ന വിഷയം സംഘത്തിന്റെ പരിഗനനയില് ഉണ്ടായിരുന്നില്ല.
വിമതരും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളും ആക്രമണം നടത്തിയത് പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെ അനുകൂലിക്കുന്ന സൈന്യമാണെന്ന് ആരോപിക്കുന്നു. എന്നാല്‍, ആക്രമണം നടത്തിയത് വിമതര്‍ ആണെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് അസാദും റഷ്യയും പറയുന്നു.

