Skip to main content

narendra modi

 

നരേന്ദ്ര മോദി സർക്കാരിൽ അദ്ദേഹത്തിന്റെ മുഖ്യ എതിരാളികൾക്കുപോലും പ്രതീക്ഷയുണ്ട്. അതിന്റെ പ്രധാന കാരണം മോദിയിലുളള വിശ്വാസമാണ്. അദ്ദേഹം പ്രകടമാക്കിയ നേതൃത്വം, ആ നേതൃത്വത്തിലൂടെ നേടിയ ഭൂരിപക്ഷം തുടങ്ങിയവയെല്ലാമാണ് ആ ധാരണ അദ്ദേഹത്തിന്റെ എതിരാളികളിൽ പോലും നിലനിർത്തുന്നത്. അധികാരത്തിലേറിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളു. സത്യപ്രതിജ്ഞാ ചടങ്ങ് തന്നെ ആഭ്യന്തരമായും അന്താരാഷ്‌ട്ര തലത്തിലും മോദി തന്റെ നേതൃത്വമുദ്ര പ്രകടമാക്കാൻ വിനിയോഗിക്കുകയും അത് വിജയിക്കുകയും ചെയ്തു. ഇപ്പോഴും മോദിയിലുള്ള പ്രതീക്ഷ ഏതാണ്ട് അതേ പടി തുടരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ദിശ ഏന്തായിരിക്കുമെന്ന് റെയിൽ ബജറ്റിലൂടെയും പൊതുബജറ്റിലൂടെയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 

തുടക്കത്തിൽ അദ്ദേഹത്തിന്റെ ഭാഷ സമർപ്പണത്തിന്റേതായിരുന്നു. പാർലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ തന്റെ പാർട്ടി എം.പിമാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം അങ്ങേയറ്റം പക്വത കൈവന്നതായിരുന്നു. ഒപ്പം, എല്ലാവരേയും വിശ്വാസത്തിലെടുത്തുകൊണ്ടും കൂടെക്കൂട്ടിക്കൊണ്ടുമുള്ള ശൈലിയേക്കുറിച്ചായിരുന്നു അദ്ദേഹം ഊന്നൽ നൽകിയത്. അതു കണ്ടിട്ടാണ് കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ മോദിയെ പ്രശംസിച്ചുകൊണ്ട് ലേഖനമെഴുതിയതുപോലും. ഇതും മോദിയിലുളള പ്രതീക്ഷ വർധിപ്പിക്കുന്നതിന് കാരണമായി.

 

മോദി പ്രധാനമന്ത്രിയായി അമ്പതുദിവസം അടുക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ വ്യക്തിപരമായ ചില സ്വഭാവവിശേഷങ്ങൾ ഭരണത്തിൽ പ്രകടമാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള തോന്നലിന് അദ്ദേഹത്തെ കുറ്റം പറയാനും കഴിയില്ല. എല്ലാ ഭാഗത്തുനിന്നും തനിക്കെതിരെ ആക്രമണം ഉണ്ടാകുന്നു, അല്ലെങ്കിൽ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്ന തോന്നൽ അദ്ദേഹത്തെ ഇപ്പോഴും വേട്ടയാടുന്നതുപോലെ! ഗുജറാത്ത് കലാപത്തിനുശേഷം അദ്ദേഹം നേരിട്ടനുഭവിച്ചതാണത്. സ്വന്തം പാർട്ടിയിലെത്തന്നെ ഗുരുസ്ഥാനീയരും രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ബുദ്ധിജീവികളും മാധ്യമങ്ങളും എല്ലാം തന്നെ മോദിയെ ഗുജറാത്തിലെ കൂട്ടക്കൊലയുടെ പേരിൽ ആക്രമിച്ചു. നിയമത്തിന്റെ വഴിയേയും അല്ലാതെയും. ഇത് രാജ്യത്തിനു പുറത്തേക്കും നീണ്ടു. യു.എസും യൂറോപ്പുമെല്ലാം മോദിയെ കൂട്ടക്കുരുതി നടത്തിയ കൊലപാതകിയാക്കി. വർത്തമാനചരിത്രത്തിലെ ഹിറ്റ്‌ലറാക്കി. ആ അവസ്ഥയിൽ അദ്ദേഹത്തിന്റെ പക്കൽ അവശേഷിച്ച ഏക കച്ചിത്തുരുമ്പ് എന്നത് ഗുജറാത്ത് ഭരണം മാത്രമായിരുന്നു. തന്നെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ചവർക്കെതിരെ യുദ്ധത്തിനു പോകുന്നതിനു പകരം അദ്ദേഹം വര്‍ത്തമാന ഹിറ്റ്‌ലർ പദവിയിൽ നിന്ന് കരകയറാൻ ശ്രമം തുടങ്ങി. അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്തവർ തളർന്നു. അദ്ദേഹം ഭരണത്തിൽ പൂർണ്ണ ശ്രദ്ധ പതിപ്പിച്ചു. ഗുജറാത്തിൽ നടപ്പിലാക്കിയ വികസനം മാതൃകാപരമോ അല്ലയോ എന്നുള്ളത് രണ്ടാമത്തെ ചോദ്യം. അദ്ദേഹം തന്റെ മുൻപിലുള്ള വികസനമാതൃകകൾ ഗുജറാത്തിൽ സ്വന്തം മേൽനോട്ടത്തിൽ നടപ്പാക്കി. അത് വിജയം കണ്ടു. മോദി പുകഴ്ത്തപ്പെടാൻ തുടങ്ങി. അതു മനസ്സിലാക്കിയ മോദി ചെങ്കോട്ടസ്വപ്നത്തിലേക്ക് സ്വയം പ്രാപ്തനാക്കി. മോദി ചെങ്കോട്ടയിലെത്തി.

 

rajnath singhവ്യക്തിപരമായി ലോകം മുഴുവൻ തന്നെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചിടത്തുനിന്നാണ് മോദി ഇന്ദ്രപ്രസ്ഥത്തിലെത്തിയത്. സ്വാഭാവികമായും ലോകത്താൽ മുഴുവൻ താൻ  ആക്രമിക്കപ്പെട്ടത് അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. ഭരണത്തിലേറിയ നാൾ മുതൽ മറ്റുള്ളവരെ ഭയക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ പ്രകടമാകുന്നു. ഒരു കാരണവശാലും മുൻ ഭരണത്തിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നവരേയുമൊന്നും തന്റെ മന്ത്രിസഭയിലെ അംഗങ്ങൾ നിയമിക്കരുതെന്ന് തുടക്കത്തിൽ തന്നെ സഹപ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന രാജ്നാഥ് സിങ്ങ് മന്ത്രിസഭയിൽ ചേർന്ന് സാഹചര്യത്തില്‍  തന്റെ വിശ്വസ്തനായ അമിത് ഷായെ പാര്‍ട്ടി അദ്ധ്യക്ഷനാക്കിയിരിക്കുന്നു. ഷായെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതു തന്നെ ഈ ഉദ്ദേശ്യത്താലായിരുന്നു. ആ ലക്ഷ്യം പാർട്ടിയിലൂടെ നേടിയെടുക്കാൻ ഒന്നരമാസം വേണ്ടിവന്നു എന്നു മാത്രം. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ മടക്കിക്കൊണ്ട് ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജി ആക്കാതിരിക്കാനുള്ള തീരുമാനവും ഇത്തരത്തിലുള്ള ഒന്നാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ സർക്കുലർ തന്നെ ഇറങ്ങിയിരിക്കുന്നു, ഒരു കാരണവശാലും മുൻമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു ആരേയും മറ്റ് മന്ത്രിമാർ നിയമിക്കരുതെന്ന്. ഇത് മോദിയുടെ നേതൃത്വപാടവത്തിന് മങ്ങലേൽപ്പിക്കും. തന്റെ അദ്ധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥി നിർണ്ണയസമയത്തും അതിനുശേഷവുമെല്ലാം തുണയായി നിന്ന രാജ്‌നാഥ്‌ സിങ്ങ് നടത്തിയ ഒരു പേഴ്‌സണൽ സ്റ്റാഫ് നിയമനത്തെത്തുടർന്നാണ് ഇത്തരത്തിലൊരുത്തരവ് ഇറങ്ങിയതെന്നും പറയപ്പെടുന്നു.

 

മോദിയുടെ ഇത്തരത്തിലുള്ള നടപടി തന്റെ ഉറ്റവർക്കുപോലും അദ്ദേഹത്തിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്താനിടയായേക്കും. ഒപ്പം ഉദ്യോഗസ്ഥരിലേക്കും ഈ വിശ്വാസനഷ്ടം പകരും. ഇത് താൻ താൻ ഉദ്ദേശിക്കുന്ന രീതിയിൽ ഭരണയന്ത്രം നീക്കാൻ സഹായകമായ സാഹചര്യമാവില്ല സൃഷ്ടിക്കുക. ഇന്ത്യയുടെ ഭാഗധേയം തന്നെ മാറ്റിമറിക്കാൻ പോകുന്ന ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്. ചരിത്രത്തിൽ നിന്ന് രക്ഷനേടുക എന്ന വ്യക്തിപരമായ ആവശ്യത്തിന്റെ സ്വാധീനം ഇപ്പോഴും എപ്പോഴും അദ്ദേഹത്തിൽ സക്രിയമായിരിക്കും. അതിനാൽ രാജ്യത്തിന്റെ താൽപ്പര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉരുക്കുമുഷ്ടിയോടെ കാര്യങ്ങൾ നടത്തുന്നതിന് തക്കതായ ന്യായീകരണങ്ങൾ അദ്ദേഹത്തിന് സഹപ്രവർത്തകരുടെ ഇടയിലും ലോകത്തിന്റെ മുന്നിലും നിരത്താനുണ്ടാകും. തന്നെ ഇല്ലായ്മ ചെയ്യാനുള്ളവരുടെ എണ്ണമാണ് ഇപ്പോഴും കൂടുതൽ എന്ന ധാരണ അദ്ദേഹത്തിൽ ഉറയ്ക്കാൻ കാരണമാകും. ഈ സാഹചര്യത്തിൽ പാർട്ടിയിലും സർക്കാരിലും തന്റെ താൽപ്പര്യങ്ങൾ നടപ്പിൽ വരുത്താൻ കാർക്കശ്യത്തോടെ മോദി നീങ്ങുമ്പോൾ മോദി പോലും അറിയാതെ, താൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യത്തിൽ, സ്വേച്ഛാധിപത്യ പ്രവണതകൾ കടന്നുവരും. എതിരാളികളുടെ പോലും വിശ്വാസം നേടാൻ കഴിഞ്ഞ മോദിക്ക് ആരേയും വിശ്വാസമില്ലാത്ത, എല്ലാവരേയും പേടിക്കുന്ന അവസ്ഥ സംജാതമാകും. എല്ലാ  ആക്രമണോത്സുകതയുടേയും ആധാരം പേടിയാണ്. ആ അവസ്ഥയിലേക്കു വഴുതിവീഴാതിരിക്കാൻ അദ്ദേഹത്തെ ഉപദേശിക്കേണ്ടത് അദ്ദേഹവുമായി അടുപ്പമുള്ളവരാണ്. അവരാകട്ടെ ആ സ്വഭാവസൗകര്യത്താൽ പാർട്ടിയിലായാലും ഭരണത്തിലായാലും കയറിപ്പറ്റാൻ ശ്രമിക്കുന്നു. അവരുടെ അവസരം കളയാൻ അവർ ശ്രമിക്കുക അസാധ്യം. ഇത്തരമൊരു വിഷമവൃത്തത്തിലേക്ക് മോദി നീങ്ങുന്നതിന്റെ ചില സൂചനകൾ ഇതിനകം പ്രകടമായിത്തുടങ്ങി. അങ്ങനെ ഉണ്ടാകാതിരുന്നാൽ നിശ്ചയദാർഢ്യത്തോടെ കർമ്മപരിപാടികളുമായി മുന്നോട്ടുപോകുന്ന ഒരു സർക്കാരിനെ മോദിയുടെ നേതൃത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.