Skip to main content

 

“അറിഞ്ഞോ? മനു പഠിത്തം നിര്‍ത്തി!”

സഹപ്രവര്‍ത്തക രാവിലെ അറിയിച്ച ആ വാര്‍ത്ത എനിക്ക് ഒരിക്കല്‍ക്കൂടി ഉള്‍ക്കിടിലമുണ്ടാക്കി. എന്നെ നോക്കി ചിരിച്ച് നില്‍ക്കുന്ന മെലിഞ്ഞു കൊലുന്നനെയുള്ള മനുവിന്റെ (യഥാര്‍ത്ഥ നാമമല്ല) രൂപം ഓര്‍മയില്‍ തെളിഞ്ഞു വന്നു. ആ കണ്ണുകളില്‍ അന്ന് ഞാന്‍ കണ്ട ഭീതിപ്പെടുത്തുന്ന വിദ്വേഷവും ഭാവപ്പകര്‍ച്ചയുമാണ് അവനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മയ്ക്ക് വഴിവിളക്കായെത്തിയത്.

 

ഒരു പതിനഞ്ചുകാരന്റെ പ്രതികരണത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാവമാറ്റമായിരുന്നു അവന്റെ അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. കോളേജ് അധ്യാപകരായി വിരമിച്ച മുത്തശ്ശനും മുത്തശ്ശിക്കും ആ ദേഷ്യത്തിന്റെ കാരണം വളരെ അവ്യക്തമായിരുന്നു. അധ്യാപികയായി ജോലി ചെയ്യുന്ന മകള്‍ക്കോ ആഴ്ചയില്‍ ഒരിക്കല്‍ മകനെ സന്ദര്‍ശിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരുമകനോ ഒരു കുറ്റവും പറയത്തക്കതായിട്ടില്ലെന്നുമാത്രം അവര്‍ ആവര്‍ത്തിച്ചുപറഞ്ഞു.

 

രോഗചരിത്രം ചൂഴ്ന്നെടുത്തപ്പോള്‍ അറിഞ്ഞു, ജനിച്ചത് തൊട്ടിങ്ങോട്ട് അവന്റെ കാര്യങ്ങള്‍ - വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ പഠിപ്പിക്കുന്നതും സ്കൂളിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും ഭക്ഷണം വിളമ്പുന്നത് വരെ - മുത്തശ്ശനും മുത്തശ്ശിയുമാണ്‌ ചെയ്യുന്നത്, അമ്മ വീട്ടിലുണ്ടെങ്കിലും. സ്വഭാവത്തിലെ മാറ്റങ്ങള്‍ ആരംഭിച്ചത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളെ വിട്ടു ഒരു കൊല്ലം അവന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കേണ്ടിവന്നതില്‍ പിന്നെയാണെന്ന് മാത്രം അവര്‍ ഓര്‍ക്കുന്നു. മനു മൂകനായി ദിവസങ്ങളോളം ഭക്ഷണവും കുളിയുമില്ലാതെ കഴിച്ചുകൂട്ടിയ കാലങ്ങള്‍, പിന്നീട് ഒരു അകാരണമായ വിദ്വേഷത്തോടെ സാധനങ്ങള്‍ എറിഞ്ഞുടക്കുകയും വധഭീഷണി മുഴക്കുക വരെയുമുണ്ടായ സംഭവങ്ങളുടെ നീണ്ടനിര തന്നെ പറയാനുണ്ടായിരുന്നു അവര്‍ക്ക്.

 

എന്തുകൊണ്ട് മകന്റെ കാര്യങ്ങളിലൊന്നും ഇടപെടുന്നില്ലായെന്നു ചോദിച്ചപ്പോള്‍ ‘എന്നേക്കാള്‍ നന്നായി അവന്റെ മുത്തശ്ശി അവനെ നോക്കും. അതുകൊണ്ട് ഞാന്‍ ഒന്നിലും ഇടപെടാറേയില്ല... എന്നിട്ടും അവനെന്നോട്...’ എന്നുപറഞ്ഞുകൊണ്ട് മനുവിന്റെ അമ്മ പൊട്ടിക്കരഞ്ഞു. “അമ്മയെന്ന് പറയാന്‍ അവര്‍ക്കെന്ത്അവകാശം?” എന്ന്‍ ആക്രോശിച്ച മനുവിന്റെ മുന്‍പില്‍ ഉത്തരം മുട്ടിയത് ഞാന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന എനിക്കന്ന്‍ അവന്റെ ചോദ്യം വലിയൊരു ഞെട്ടലായിരുന്നു.

 

സ്വന്തം കുഞ്ഞിന്റെ ബുദ്ധിവികാസവും വ്യക്തിത്വവികാസവും മാനസികവളര്‍ച്ചയും താങ്ങാവുന്നതിലും കൂടുതല്‍ പണം ചിലവഴിച് ‘വിദഗ്ദ്ധരില്‍’ ഏല്‍പ്പിച്ചതിന്റെ സമാധാനത്തോടെ ഉറങ്ങുന്ന ഒരുപാട് രക്ഷിതാക്കള്‍ ഉണ്ട് നമുക്കിടയില്‍. കുട്ടികളെ വളര്‍ത്തുന്നതിന്റെ നിയമാവലി ഗൂഗിളില്‍ തിരയുന്ന അച്ഛനമ്മമാരെ ലക്ഷ്യമിട്ട് ബിസിനസ്‌ പച്ച പിടിപ്പിക്കുന്ന പ്ലേസ്കൂളുകളും ട്രെയിനിംഗ് സെന്ററുകളും കൂണ് പോലെ മുളച്ചുവന്നിട്ടുമുണ്ട്. ‘നിങ്ങളുടെ മകന്‍ സ്മാര്‍ട്ട്‌ ആണോ?’ എന്നപോലെയുള്ള ചോദ്യശരങ്ങളോടുകൂടി വരുന്ന പരസ്യങ്ങള്‍ ചൂണ്ടയില്‍ കൊരുക്കുന്നത് നമ്മുടെ ഉള്ളിലെ അരക്ഷിതാവസ്ഥയെ തന്നെയാണ്. ഒരു വിദഗ്ധന്റെ സഹായമില്ലെങ്കില്‍ മറ്റൊരാളെക്കാള്‍ മക്കള്‍  മോശക്കാരാകുമെന്നോ പിന്തള്ളിപ്പോകുമെന്നോ ഉള്ള പേടിയാണ് ചിലര്‍ക്കെങ്കില്‍ മറ്റുപലര്‍ക്കും സമൂഹത്തില്‍ തങ്ങളുടെ പദവിക്കൊത്ത് മക്കളെ ഉയര്‍ത്താനും പലരോടും മത്സരിച്ച് ജയിക്കാനുമുള്ള ആയുധം മാത്രമായും മാറുന്നു ഇത്. ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി യുദ്ധത്തിനു തയ്യാറെടുക്കുമ്പോള്‍ നമ്മള്‍ സൃഷ്ടിക്കുന്നത് യന്ത്രസമാനമായ വെറും മനുഷ്യക്കോലങ്ങളെയാണെന്നു അറിയുന്നില്ല. ചെറിയ തോല്‍വികളില്‍ ജീവിതം അവസാനിപ്പിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. സൗഹൃദവും പ്രണയവും പോലും ജീവന്മരണ പോരാട്ടമാകുമ്പോള്‍ അതില്‍ തോല്‍ക്കുന്നവര്‍ മരണം ഒരു പോംവഴിയായി തിരഞ്ഞെടുക്കുക തന്നെ ചെയ്യും. കുടുംബം ഒരിക്കലും അവര്‍ക്കൊരു രക്ഷാകവചമായി മാറിയിട്ടില്ലെന്നത് തന്നെ മിക്കപ്പോഴും കാരണം. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ ജീവിച്ച് മരിക്കുന്ന അച്ഛനമ്മമാരില്‍നിന്നു ഓരോ തോല്‍വിയും മരണതുല്യമെന്ന പാഠം മാത്രമല്ലേ ഉള്‍ക്കൊള്ളാന് കഴിയൂ.

 

മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം വില്‍ക്കുമ്പോള്‍ മറക്കുന്നത് അമ്മയുടേയും അച്ഛന്റേയും സ്പര്‍ശനവും ലാളനയും പരസ്പരസ്നേഹവും അവര്‍ക്ക് ജീവിതത്തില്‍ പകര്‍ന്നുനല്‍കുന്നത് വലിയ ആശയങ്ങളാണെന്നതാണ്. ഇതെല്ലാം മറ്റാര്‍ക്കും ചെയ്യാവുന്ന ഒന്നായി മാത്രം കാണുമ്പോള്‍ വരും തലമുറയ്ക്ക് നമ്മള്‍ അടിസ്ഥാനപരമായി നിഷേധിക്കുന്നത് മാതൃത്വത്തിന്റേയും മാനുഷികമൂല്യങ്ങളുടേയും ബാലപാഠങ്ങളാണെത് നിഷേധിക്കാനാവാത്ത സത്യമാണ്. കുട്ടികളുടെ ജീവിതത്തില്‍ തങ്ങള്‍ ‘അപരിചിതര്‍’ ആവാതിരിക്കേണ്ടത് രക്ഷാകര്‍ത്താക്കളുടെ കടമയാണ്. ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ പകരം വെക്കാന്‍ ആവാത്ത ബന്ധമാണ് മാതാപിതാക്കളുടെതെന്നു മറന്നുകൂടാ. മുത്തശ്ശനും മുത്തശ്ശിയും പോലുള്ളവര്‍ക്ക് ഒട്ടും ചെറുതല്ലാത്ത ഒരു പങ്കുണ്ടെങ്കിലും അത് അച്ഛനും അമ്മയ്ക്കും പകരമല്ല, അവര്‍ക്ക് അനുപൂരകമായിരിക്കണം എന്നതും മറക്കരുത്. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയില്‍ കൈ നനയാതെ മീന്‍ പിടിക്കാന്‍ നോക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത് പരസ്പരസ്നേഹവും സഹിഷ്ണുതയും നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനു അടിത്തറയാകും.

 

മനുവിനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് വിരാമമിട്ടത് ഒരു നെടുവീര്‍പ്പ് മാത്രമായിരുന്നു. സ്വന്തം അച്ഛന്റേയും അമ്മയുടേയും കൂടെ ജീവിക്കേണ്ടിവന്നത് മനുവിന് ഒരു വലിയ ആഘാതമായിരുന്നു. തന്റെ ജീവിതം അപ്രതീക്ഷിതമായി ‘അപരിചിതമായ’ സാഹചര്യത്തിലേക്ക് പറിച്ചുനട്ടതിന്റെ വേദന അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇന്ന് ജീവിതമെന്തെന്നറിയാത്ത പ്രായത്തില്‍, ‘മൂഡ്‌ ഡിസോര്‍ഡര്‍’ എന്ന് മുദ്ര കുത്തപ്പെട്ട്, ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഇരുട്ടറയിലെ മനുവിന്റെ ജീവിതം ഈ സമൂഹത്തിനു നല്‍കുന്നത് ഒരു വലിയ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്.


dwitheeya തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ  

Tags

Mindscaping

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താകാം? സംശയം വേണ്ട. ഒരു രക്ഷാകര്‍ത്താവായി മാറുന്നതിലാണെന്ന്‍ നിസ്സംശയം പറയാം. സാമൂഹികമായും ഏറ്റവും പ്രസക്തമായ വിഷയമാണത്. ഉന്നത വിദ്യാഭ്യാസവും, ഉയര്‍ന്ന പദവികളും സമ്പത്തും ആധുനിക സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും ഒരു എല്‍.കെ.ജി കുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പറ്റുന്നില്ല. ആ കുട്ടി അഞ്ചു വയസ്സാകുമ്പോഴും, പത്തു വയസ്സാകുമ്പോഴും പതിനഞ്ചു വയസ്സിലെത്തുമ്പോഴും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. അഥവാ ആ കുട്ടിയുടെ മനസ്സില്‍ മാതാപിതാക്കളില്‍ നിന്ന്‍ ഒഴുകിച്ചെന്ന സ്വഭാവത്തിന്റെ ധാതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുത്തരം സ്വാഭാവികമായി പൊന്തിവരുന്നില്ല. ഇത് വ്യക്തിയേയും സമൂഹത്തേയും പ്രതിസന്ധിയിലാക്കുന്നു. അതിന്റെ അനുരണനങ്ങള്‍ പല രൂപത്തില്‍ പ്രതിഫലിക്കുന്നു. ആ പ്രതിഫലനത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ എത്രവേണമെങ്കിലും കാണാം. ഈ സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടുകളിലെ കുഞ്ഞുകുഞ്ഞു യഥാര്‍ഥ സംഭവങ്ങളിലൂടെ രക്ഷിതാക്കള്‍ക്കും (പ്രത്യേകിച്ച് കൗമാരക്കാരുടെ), കൗമാരക്കാര്‍ക്കും മധ്യാഹ്നത്തില്‍ നിശ്ചലമായ കിണറ്റുവെള്ളത്തിലെ അടിത്തട്ടുപോലെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്നതാണ് കരവലയവും , പടവുകാലവും.

കരവലയം ഒരു രക്ഷാകര്‍ത്താവിന്‍റെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ പടവുകാലം കൗമാരക്കാരുടെ ഭാഗത്തുനിന്നു കാണുന്നു. ഒരേ വിഷയത്തിലേക്ക് സ്‌നേഹത്തോടെയുള്ള രണ്ടു നോട്ടങ്ങള്‍.