Skip to main content

അത്യുന്നത വിദ്യാഭ്യാസ യോഗ്യതയും അതനുസരിച്ച് ജോലിയും നിര്‍വഹിക്കുന്ന ദമ്പതിമാര്‍. രണ്ട് പെണ്‍മക്കള്‍. മൂത്തയാള്‍ എഞ്ചിനീയറിംഗ് ബിരുദമെടുത്തശേഷം അമേരിക്കയില്‍ നിന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കി വിദേശത്ത് ജോലി ചെയ്യാന്‍ തല്‍പ്പരയായി തൊഴിലന്വേഷണത്തില്‍. പ്രായം ഇരുപത്തിയാറിനോടടുക്കുന്നതിനാല്‍ രക്ഷകര്‍ത്താക്കള്‍ക്ക് മകളെ  കെട്ടിച്ചുവിടാന്‍ തിടുക്കമായി. അത്യാവശ്യം മോശമല്ലാത്ത ഉപാധികളാണ് യുവതിക്കുള്ളത്. അതേ സമയം ജാതകവും ചേരണം. വളരെ പ്രസരിപ്പും ആരേയും ആശ്രയിക്കാതെ കാര്യങ്ങളൊക്കെ നിര്‍വഹിക്കാന്‍ ശേഷിയുള്ളയാളാണ് യുവതി.അതേ സമയം പെട്ടന്ന് ദേഷ്യവുമൊക്കെ വരികയും ചെയ്യും.

 

ഉപാധികളും ജാതകവും കാരണമാണ് വിവാഹം നീണ്ടുപോകാന്‍ കാരണം. ചില ചെറിയ വിട്ടുവീഴ്ചകള്‍ ഉപാധികളുടെ കാര്യത്തിലൊക്കെ വേണമെന്നു രക്ഷിതാക്കള്‍ പറഞ്ഞാലൊന്നും യുവതി വീഴുന്ന പ്രശ്‌നമില്ല. വിവാഹം നീണ്ടുപോകുന്നതനുസരിച്ച് യുവതിയുടെ അമ്മയ്ക്ക് അത്യാവശ്യം ടെന്‍ഷനുണ്ട്. അതേ സമയം അച്ഛന് അത്രയ്ക്ക് ടെന്‍ഷനൊന്നുമില്ല. ചെലവുചെയ്യുന്ന കാര്യത്തിലും യുവതിക്ക് പിശുക്കില്ല. ഈ ടെന്‍ഷന്‍ മൂക്കുമ്പോള്‍ അമ്മയ്ക്കു തോന്നും യുവതിയുടെ തീരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരണമാണ് കല്യാണം നീണ്ടുപോകുന്നതെന്ന്.

 

ടെന്‍ഷന്‍ എന്നാല്‍ തടവിലടയ്ക്കപ്പെട്ട അവസ്ഥ. സ്വാതന്ത്ര്യം നഷ്ടമാകുന്നു. ഇവിടെ അഴികള്‍ ചിന്തകളാണ്. ഇങ്ങനെ കല്യാണം നീണ്ടുപോയാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍  യുവതിക്ക് വയസ്സ് 27 ആകും. ഇപ്പോള്‍ യുവാക്കളൊക്കെ 25ഉം 26ഉം വയസ്സിലൊക്കെ കല്യാണം കഴിച്ചുപോകാറുണ്ട്. യുവതിയുടെ മാനദണ്ഡമനുസരിച്ചുള്ള യുവാക്കളുടെ മണ്ഡലം അവിടെയാണ്. പ്രായം കൂടുന്നതിനനുസരിച്ച് യോഗ്യതയുള്ള യുവാക്കളുടെ ലഭ്യത കുറയും. അങ്ങിനെ വരുമ്പോള്‍ മകളുടെ ഉപാധികള്‍ക്കനുസരിച്ച് യുവാക്കളെ കിട്ടാനുള്ള അവസരം കുറയും. അപ്പോഴും മകളുടെ നിലപാടില്‍ മാറ്റം വരുന്നില്ലെങ്കില്‍... ഇത്തരം ചിന്തകള്‍ വല്ലാതെ കണ്ട് അഴികള്‍ തീര്‍ത്ത് അമ്മയെ തടവറയിലാക്കുമ്പോള്‍ അതില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗമായി അമ്മ മകളെ ഉപദേശിക്കും.

 

'നിന്റെ ഈ സ്വഭാവമൊക്കെ മാറ്റണം. എനിക്കറിയില്ല , ഇങ്ങനെയൊക്കെയാണെങ്കില്‍ കല്യാണമൊക്കെ കഴിഞ്ഞാല്‍ നീ എങ്ങനെയാ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത്. ഈ സ്വഭാവമൊക്കെ നീ മാറ്റണം. എനിക്ക് ആലോചിക്കുമ്പോ പേടിയാവുന്നു. ഇപ്പോ  എത്രയാ ഡൈവോഴ്‌സ് കേസുകളെന്നറിയാമോ. അതുകൊണ്ട് നിന്റെ ഈ പിടിവാശിയും അക്ഷമയുമൊക്കെ ഇല്ലാതാക്കിയേ പറ്റൂ. എനിക്ക് നിന്റെ കാര്യമാലോചിക്കുമ്പോ പേടിയാ.' ഏതാണ്ട് മിക്കപ്പോഴും മകളുടെ ശാഠ്യവും ദേഷ്യവുമൊക്കെ കാണുമ്പോള്‍ അമ്മ നല്‍കുന്ന നിത്യ ഉപദേശമാണിത്. ഈ അമ്മയും യൗവനത്തിന്റെ ചെത്ത് ഗണ്ണം സ്റ്റൈലില്‍ തന്നെയാണ് ഇപ്പോഴും. പറയുന്നതിനനുസരിച്ച് മകളുടെ ശാഠ്യം കൂടുന്നതല്ലാതെ കുറയുന്നില്ല. അതനുസരിച്ച് അമ്മയുടെ ആധിയും ഉപദേശവും.

 

സംശയമില്ല. അമ്മയ്ക്ക് മകളുടെ കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. സ്‌നേഹമുണ്ട്. പക്ഷേ ഓരോ നിമിഷവും ഈ അമ്മ അറിയാതെ, മകളുടെ നന്മയ്ക്കുവേണ്ടിയാണെന്ന്‌ചൊല്ലി നല്‍കുന്ന ഉപദേശങ്ങള്‍ ആ യുവതിയുടെ ജീവിതത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നത് യുവതിയുമറിയുന്നില്ല, അമ്മയുമറിയുന്നില്ല. വിദ്യാഭ്യാസവും ജോലിയും വിദേശ വിദ്യാഭ്യാസവുമൊക്കെയുണ്ടായിട്ടും. ഏതെല്ലാം കാര്യത്തിന് മകളെ അമ്മ വഴക്കുപറയുകയും ഉപദേശിക്കുകയും ചെയ്യുന്നുവോ അതൊക്കെ മകളില്‍ പ്രതിഫലിച്ചു കാണാന്‍ മുഖ്യമായും അമ്മയും അച്ഛനും തന്നെയാണ് ഉത്തരവാദികള്‍. തന്നിലെ തന്നെ സ്വീകാര്യമല്ലാത്ത സ്വഭാവം മകളില്‍ കാണുമ്പോഴാണ് അമ്മ മകളെ ഉപദേശിക്കുന്നത്. അമ്മ സ്വയം തിരസ്‌കരിക്കുന്നു. ഇത് വ്യക്തികളില്‍ ആന്തരികസംഘട്ടനമായി മാറുന്നു.

 

കുളിച്ചിട്ട് വരൂ, എന്നിട്ട് അകത്തു കയറിയാല്‍ മതി എന്നാരെങ്കിലും ആരോടെങ്കിലും പറഞ്ഞാല്‍ അതിനര്‍ഥം ആ വ്യക്തിയുടെ ദേഹവും വേഷവുമൊക്കെ അഴുക്കിലാണെന്നാണ്. അതുപോലെ നിന്റെ ഈ സ്വഭാവമൊക്കെ മാറ്റിയേ പറ്റൂ എന്ന് അമ്മ മകളോട് പറയുമ്പോള്‍ അതിനര്‍ഥം മകളുടെ സ്വഭാവം കൊള്ളില്ല എന്നതു തന്നെ. തന്റെ സ്വഭാവം കൊള്ളില്ല എന്നാണ് ഈ യുവതി തന്റെ അമ്മയില്‍ നിന്ന് എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. അതുപോലെ വിവാഹശേഷം പരസ്പരം യോജിക്കാത്ത ഒരു ഭാര്യാഭര്‍തൃബന്ധത്തിന്റെ ചിത്രം അനുനിമിഷം അമ്മ മകളുടെ മനസ്സിലേക്കു കോറിയിട്ടുകൊണ്ടിരിക്കുന്നു, അറിയാതെയാണെങ്കിലും.

 

ഓരോരുത്തരും അവരുടെ വിശ്വാസമനുസരിച്ചാണ്  അവരവരുടെ ജീവിതത്തെ പരിണമിപ്പിക്കുന്നത്. അതായത് ഓരോ വ്യക്തിയും വിശ്വാസമനുസരിച്ച് അതായിത്തീരുന്നു. ഓരോ  തവണ ഉപദേശം കേള്‍ക്കുമ്പോഴും താന്‍ കൊള്ളാത്തവളാണെന്ന ധാരണ ഈ മകളുടെ അബോധമനസ്സില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു. സ്വയം കൊള്ളില്ല എന്ന വിശ്വാസം ആ യുവതിയുടെ തടവറയാകുന്നു. അതിന്റെ വേദനയില്‍ നിന്നു രക്ഷപെടാനുള്ള മാര്‍ഗങ്ങളാണ് ഇടയ്ക്കിടെ പൊട്ടിത്തെറിരൂപത്തിലൂണ്ടാവുന്ന അക്ഷമയും ദേഷ്യവുമൊക്കെ. സ്വയം കൊള്ളില്ല എന്ന വിശ്വാസം ആരെയും അശാന്തരാക്കാതിരിക്കില്ല. അതോടൊപ്പം താന്‍ വിവാഹം ചെയ്താലും അത് പരാജയമായിരിക്കുമെന്ന തോന്നല്‍ ഈ യുവതിയെ പിടികൂടിയിട്ടുണ്ടാവാം. വിവാഹിതയാകുന്നതിനു മുന്‍പ് തകരുന്ന വിവാഹജീവിതത്തെക്കുറിച്ചുള്ള ചിന്ത ആ യുവതിയെ പേടിപ്പെടുത്തുന്നുണ്ടാവും. ആ പേടി വിവാഹമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ആ യുവതിയില്‍ അവര്‍ അറിയാതെ ഉടലെടുക്കുന്നുണ്ടാകാം. പേടിയുള്ളതില്‍ നിന്ന് അകന്നു നില്‍ക്കുക, ഒളിച്ചോടുക എന്നതൊക്കെ പതിവാണ്.ഇവിടെ ഉപാധികളെ കൂട്ടുപിടിച്ചുകൊണ്ട് വിവാഹത്തെ അകറ്റിനിര്‍ത്തുന്നു.അതേ സമയം വൈകാരികതലത്തില്‍ ഭൗതികകാര്യങ്ങളോട് വളരെ ഭ്രമമുള്ള ഈ യുവതിക്ക് തന്റെ സ്വപ്നങ്ങളില്‍ നിന്ന് വിവാഹചിന്തയേയോ, ഇഷ്ടപ്പെട്ട യുവാവുമായ ജീവിതത്തെ ഒഴിവാക്കാനോ സാധിക്കുന്നില്ല.

 

വിവാഹത്തേക്കുറിച്ചോ, ജീവിതത്തേക്കുറിച്ചോ ഈ യുവതിക്ക് ഒരു വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടില്ല. വെറും ഭൗതിക ഘടകങ്ങളെ മാത്രം കണക്കിലെടുത്തുകൊണ്ടാണ് ഉപാധികള്‍ മുന്നോട്ടു വയ്ക്കുന്നത്. ആ ഉപാധികളില്‍ തന്റെ ഭര്‍ത്താവിന്റെ യോഗ്യതകളും സൗന്ദര്യവും സാമ്പത്തികഭദ്രതയും എല്ലാം വരുന്നു. എല്ലാം നോക്കുമ്പോള്‍ ഒന്നു വ്യക്തമാവുന്നു. എല്ലാ ഉപാധികളുടേയും അടിസ്ഥാനം പേടിയാണ് അഥവാ സുരക്ഷിതത്വമില്ലായ്മയാണ്. വിദേശത്തുള്ള ജോലിതിരയല്‍ പോലും ഒളിച്ചോടാനുളള വ്യഗ്രതയാണ്. രക്ഷിതാക്കളില്‍ നിന്നും ജീവിതത്തിന്റെ മൂല്യങ്ങള്‍ അവരുടെ ജീവിതത്തിലൂടെ ഈ യുവതിയില്‍ ലയിച്ചുചേര്‍ന്നിട്ടില്ല. അതിനെത്തുടര്‍ന്നുള്ള ആന്തരിക സംഘട്ടനത്തില്‍ കിടന്ന് നട്ടം തിരിയുകയാണ് യുവതി. ഒറ്റ നോട്ടത്തില്‍ മാഗസിനുകളില്‍ കാണുന്ന എല്ലാം തികഞ്ഞ ആധുനികയുവതിയെപ്പോലെ തോന്നുന്നുവെങ്കിലും.

 

ഓരോ മനുഷ്യന്റെയും ജീവിതത്തിലെ യഥാര്‍ഥ വെല്ലുവിളി രക്ഷകര്‍ത്താവായിരിക്കുക എന്നതാണ്.സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്ക് ജീവിതം കാട്ടിക്കൊടുക്കുന്ന വഴികാട്ടി. അവിടെ ഉപദേശവും പ്രത്യേകശ്രദ്ധയും വേണ്ടിവരുന്നില്ല. സ്വന്തം ജീവിതം മാത്രം അത്യാവശ്യം നോക്കിയാല്‍ മതിയാകും. കുട്ടികള്‍ കണ്ടാണ് പഠിക്കുന്നത്. ഈ അമ്മ പഠിപ്പിച്ച പാഠങ്ങള്‍ തന്നെയാണ് മകള്‍ ആവര്‍ത്തിക്കുന്നത്. ഇവിടെ മകളുടെ വിവാഹജീവിതത്തെ ഓര്‍ത്ത് പേടിയാവുന്നു എന്ന് മകളോടു പറയുന്നതിനു പകരം അവളുടെ ചെവിയില്‍ നീ ‌നല്ലൊരു ഭാര്യയായിരിക്കും, നല്ലൊരു അമ്മയായിരിക്കും എന്നൊക്കെ പറയുകയാണെങ്കില്‍ ഈ ഇരുപത്തിയാറാം വയസ്സിലും ഈ യുവതിയില്‍ അത്ഭുതകരമായ മാറ്റങ്ങളാവും ഉണ്ടാവുക. കാരണം ആ ചിന്തകള്‍  രൂഢമൂലമാകും. ഭാവിയില്‍ ഭര്‍ത്താവുമായി വഴക്കിടുമ്പോള്‍ പോലും അമ്മയുടെ ഈ വാക്കുകള്‍ അബോധമനസ്സിലിരുന്നു പറയുന്നുണ്ടാകും നീ നല്ലൊരു ഭാര്യയാണെന്ന്. ആ ഒരൊറ്റ മന്ത്രണം മാത്രം മതി ആ യുവതിയുടെ ജീവിതം ശുഭാപ്തിവിശ്വാസത്തോടെയും പ്രശ്‌നങ്ങളെ നേരിട്ടും മുന്നോട്ടുപോകാന്‍. മാത്രമല്ല വിവാഹത്തെക്കുറിച്ച് പേടിക്കു പകരം കൗതുകത്തോടെയായിരിക്കും ചിന്തിക്കുക. അതു തന്നെ ധാരാളം മതി ഈ യുവതിയുടെ വിവാഹം പെട്ടന്നു നടക്കാന്‍.

 

തങ്ങളുടേതായ കാരണങ്ങള്‍കൊണ്ട് തങ്ങളുടെ കുട്ടികള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും മാതാപിതാക്കള്‍ മക്കളുടെ മേല്‍ ചാരി, അവരെ നന്നാക്കാനെന്ന് കരുതി എടുക്കുന്ന ശ്രമങ്ങളോരോന്നും അവരെ നാശത്തിലേക്കു നയിക്കുന്നു. ഈ യുവതിയുടെ അമ്മ പറയുന്നതുപോലെ വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസ്സുകള്‍ പരിശോധിച്ചാല്‍ തെളിഞ്ഞുവരുന്നതും ഇതു തന്നെ.

Tags

Mindscaping

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താകാം? സംശയം വേണ്ട. ഒരു രക്ഷാകര്‍ത്താവായി മാറുന്നതിലാണെന്ന്‍ നിസ്സംശയം പറയാം. സാമൂഹികമായും ഏറ്റവും പ്രസക്തമായ വിഷയമാണത്. ഉന്നത വിദ്യാഭ്യാസവും, ഉയര്‍ന്ന പദവികളും സമ്പത്തും ആധുനിക സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും ഒരു എല്‍.കെ.ജി കുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പറ്റുന്നില്ല. ആ കുട്ടി അഞ്ചു വയസ്സാകുമ്പോഴും, പത്തു വയസ്സാകുമ്പോഴും പതിനഞ്ചു വയസ്സിലെത്തുമ്പോഴും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. അഥവാ ആ കുട്ടിയുടെ മനസ്സില്‍ മാതാപിതാക്കളില്‍ നിന്ന്‍ ഒഴുകിച്ചെന്ന സ്വഭാവത്തിന്റെ ധാതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുത്തരം സ്വാഭാവികമായി പൊന്തിവരുന്നില്ല. ഇത് വ്യക്തിയേയും സമൂഹത്തേയും പ്രതിസന്ധിയിലാക്കുന്നു. അതിന്റെ അനുരണനങ്ങള്‍ പല രൂപത്തില്‍ പ്രതിഫലിക്കുന്നു. ആ പ്രതിഫലനത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ എത്രവേണമെങ്കിലും കാണാം. ഈ സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടുകളിലെ കുഞ്ഞുകുഞ്ഞു യഥാര്‍ഥ സംഭവങ്ങളിലൂടെ രക്ഷിതാക്കള്‍ക്കും (പ്രത്യേകിച്ച് കൗമാരക്കാരുടെ), കൗമാരക്കാര്‍ക്കും മധ്യാഹ്നത്തില്‍ നിശ്ചലമായ കിണറ്റുവെള്ളത്തിലെ അടിത്തട്ടുപോലെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്നതാണ് കരവലയവും , പടവുകാലവും.

കരവലയം ഒരു രക്ഷാകര്‍ത്താവിന്‍റെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ പടവുകാലം കൗമാരക്കാരുടെ ഭാഗത്തുനിന്നു കാണുന്നു. ഒരേ വിഷയത്തിലേക്ക് സ്‌നേഹത്തോടെയുള്ള രണ്ടു നോട്ടങ്ങള്‍.