എൻ്റച്ഛനെപ്പോലെ, എൻ്റെ മോളെപ്പോലെ
കെ.ജി. ജ്യോതിർഘോഷ്
കേരളത്തിൽ വമ്പൻ മാർക്കറ്റാണ് " ഞാൻ അച്ഛനെ പോലെ കരുതി, ഞാൻ മോളെ പോലെയാണ് കരുതുന്നത് " എന്നീ പ്രയോഗങ്ങൾക്ക്. ആദ്യം " അച്ഛൻ പോലെ " എടുക്കാം. കമ്പോളത്തിൽ എന്തു സംഗതിയിറക്കുന്നതും ലാഭത്തിനു വേണ്ടിയാണ്. അതായത് ഇത് പറയുന്ന വ്യക്തിക്ക് കേൾക്കുന്നവരുടെ അനുകമ്പ വേണം. അതിലൂടെ പിന്തുണയും . കമ്പോളം ആണെങ്കിലും ഒരുതരം യാചന കൂടിയാണത്. അന്തസ്സില്ലാത്ത കച്ചവടം. മകനോട് സ്നേഹമില്ലാത്ത അച്ഛൻ എന്തൊരു ക്രൂരൻ !!. ,അതുകൊണ്ട് " ആ ക്രൂരനെ വെറുത്തിട്ട് എന്നെ ഇഷ്ടപ്പെടുക " . ഇതാണ് ഇതിൻറെ പിന്നിലെ സിമ്പിൾ ഗുട്ടൻസ്. സിമ്പിൾ അല്ലാത്തത് വേറെ ഒരുപാടുണ്ട്.
ഏതെങ്കിലും ' മക്കൾമാർ ' ഇതുപോലെ ആരോടെങ്കിലും അച്ഛനെപ്പോലെ ആണ് എന്ന് പറഞ്ഞാൽ ആ ചങ്ങാതിമാരെ " അച്ഛൻമാർ " കയ്യോടെ അകറ്റി നിർത്തേണ്ടതാണ്. കാരണം, " പോലെ " പ്രയോഗത്തിൽ തന്നെ വളരെ നിശബ്ദവും എന്നാൽ ഉച്ചത്തിലുമുള്ള പ്രസ്താവനയാണ് " താനെന്റെ അച്ഛനല്ല " എന്നും അതുകൊണ്ടുതന്നെ അച്ഛൻ അല്ലാത്തവനെ ആ രീതിയിലേ കാണേണ്ടതുള്ളൂ എന്നും. വിരുതന്മാരായ ചില " അച്ഛന്മാർ " ഇമ്മാതിരി " മക്കളെ " നന്നായി ഉപയോഗിക്കുകയും ചെയ്യും. അതിൻറെ അവസാനഘട്ടത്തിലാണ് " ഈ അച്ഛൻ ചതിയനാണ് " എന്ന നിലവിളി വരുന്നത്. കാരണം ഒരേസമയം അച്ഛനും മകനും വിരുതനാകാൻ പറ്റില്ലല്ലോ.
കേരളത്തിലെ പൈങ്കിളി മാധ്യമ പ്രവർത്തനത്തിലൂടെ ഓരോ വ്യക്തിയിലും ആഴ്ന്നിറങ്ങിയിട്ടുള്ള ഒരു മനോരോഗമാണ് ഈ പ്രയോഗത്തിന്റെ പിന്നിലുള്ളത്. ചാനലുകൾ തുറന്നാൽ കുറഞ്ഞത് അര ഡെസൻ തവണയെങ്കിലും പലപ്പോഴും ഇമ്മാതിരി പ്രയോഗം കേൾക്കാൻ കഴിയും. ഈയൊരറ്റ പ്രയോഗത്തിൽ നിന്നു തന്നെ മലയാളിയുടെ മനോനിലയിലെ വളർച്ചയില്ലായ്മയും തൽഫല വൈകൃതങ്ങളും അനായാസം കാണാൻ കഴിയും. ഷഷ്ട്യബ്ദപൂർത്തി ആകാറായ കൊമ്പുള്ളതും ഇല്ലാത്തവരുമായ മീശക്കാർ പോലും പരസ്യമായി നിലവിളിക്കുന്നു " ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും അച്ഛൻ നടപ്പിലാക്കി തന്നില്ലേ എന്ന് ". അറുപതാം വയസ്സിൽ പോലും ' സ്വ 'ബോധത്തി ലേക്കും ഉത്തരവാദിത്വബോധത്തിലേക്കും എത്താൻ കഴിയാതെ , കൗമാരത്തിന്റെ ആദ്യദിശയിൽ കുടികൊള്ളുന്ന മനസ്സുകളുടെ പ്രകടനമാണിത്. ഉദാഹരണങ്ങൾ പറഞ്ഞാൽ തീരില്ല. തൽക്കാലം നിർത്തുന്നു.തുടരും.ഭീഷണിയാണ്