പ്ലീനം, പരിസ്ഥിതി, അഴിമതി

Wed, 27-11-2013 05:18:00 PM ;

cpim state plenum

 

സി.പി.ഐ.എം സംസ്ഥാനതലത്തില്‍ പാര്‍ട്ടി പ്ലീനം സംഘടിപ്പിക്കുകയാണ്. പാര്‍ട്ടിയുടെ സംഘടനാ വിഷയങ്ങളാണ് ഈ പ്ലീനം അഥവാ വിശേഷാല്‍ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചയെന്ന്‍ പാര്‍ട്ടി അറിയിക്കുന്നു. കേരളത്തിലെ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായ സി.പി.ഐ.എമ്മിന്റെ തീരുമാനമെടുക്കുന്ന വേദികളില്‍ ഉന്നതമായ സമ്മേളനത്തിന് പകരമായി അതേ ഗൌരവത്തോടെ സംഘടിപ്പിക്കുന്ന ഒന്നാണ് പ്ലീനം. അതുകൊണ്ടുതന്നെ ഈ പ്ലീനത്തിന്റെ നടപടികളും തീരുമാനങ്ങളും കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

 

കേരള രാഷ്ട്രീയം സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്ന സമയമായാണ് പ്ലീനം ചേരുന്ന സമകാലീന രാഷ്ട്രീയ അവസ്ഥയെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശേഷിപ്പിക്കുന്നത്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇത്തരമൊരു നിരീക്ഷണത്തിന് ആധാരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പിണറായി വിശദീകരിക്കുന്നുണ്ട്. അതില്‍ പ്രധാനമായ രണ്ടു കാര്യങ്ങള്‍ പരിസ്ഥിതിയും അഴിമതിയുമാണ്. സംസ്ഥാന സര്‍ക്കാറിന്റെ പരിസ്ഥിതി വിരുദ്ധത സൂചിപ്പിക്കാന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ആറന്മുള വിമാനത്താവളവുമാണ് ലേഖനത്തില്‍ പിണറായി എടുത്തുപറയുന്ന രണ്ടു വിഷയങ്ങള്‍. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും സര്‍ക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവായി പിണറായി ചൂണ്ടിക്കാട്ടുന്നു.

 

എന്നാല്‍, ഈ രണ്ട് വിഷയങ്ങളിലും സി.പി.ഐ.എം പുലര്‍ത്തുന്ന സമീപനങ്ങളില്‍ ഇരട്ടത്താപ്പ് പ്രത്യക്ഷമായി കാണാന്‍ കഴിയുന്നു എന്നതാണ് പ്ലീനത്തിന്റെ മുന്നിലുള്ള വെല്ലുവിളി. പരിസ്ഥിതി വിഷയത്തില്‍ പിണറായിയുടെ ലേഖനം തന്നെ പാര്‍ട്ടിയുടെ വിരുദ്ധ നിലപാടുകളെ മൂടിവെക്കാന്‍ ബുദ്ധിമുട്ടുന്നു. “ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന ആറന്മുള വിമാനത്താവളം പദ്ധതി നടപ്പാക്കുന്നതിന് എല്ലാ പാരിസ്ഥിതിക നിയമങ്ങളെയും കാറ്റില്‍ പറത്താന്‍ യു.ഡി.എഫ് സന്നദ്ധമായി” എന്നും എന്നാല്‍ “ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധമായി അടിച്ചേല്‍പ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യുഡിഎഫ് സര്‍ക്കാരിന് ഒരു മടിയുമില്ല” എന്നുമാണ് പിണറായി ഈ രണ്ട് വിഷയങ്ങളില്‍ നിലപാടെടുക്കുന്നത്. ഇവിടെ രണ്ടിടത്തും വിഷയങ്ങളില്‍ പാരിസ്ഥിതികമായ വിലയിരുത്തലിന് പിണറായിയും പാര്‍ട്ടിയും മുതിരുന്നില്ല എന്നത് വരികള്‍ക്കിടയില്‍ തന്നെ തെളിയുന്നു. ജനങ്ങളുടെ സംഘടിതമായ പ്രതിഷേധങ്ങള്‍ക്കൊപ്പമാണ് രണ്ടിടത്തും സി.പി.ഐ.എം നിലയുറപ്പിക്കുന്നത്. എന്നാല്‍, ഈ രണ്ട് പ്രതിഷേധങ്ങളുടേയും സ്വഭാവം നേര്‍വിപരീതമാണെന്നത്, ഒന്ന്‍ പരിസ്ഥിതി അനുകൂലവും മറ്റൊന്ന് പരിസ്ഥിതി വിരുദ്ധവും ആണെന്നത്, പിണറായി വിജയന്റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ രണ്ട് വിപരീത നിലപാടുകളില്‍ നിന്ന്‍ വായിച്ചെടുക്കാവുന്നത് സി.പി.ഐ.എമ്മിന്റെ പരിസ്ഥിതി നിലപാട് അവ്യക്തമാണ് എന്നുമാത്രമാണ്. ഈ വൈരുധ്യം തിരിച്ചറിഞ്ഞ് കേരളത്തിന്റെ ഭാവിജീവിതത്തെയും പ്രകൃതിയേയും നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാനും അത് പ്രാവര്‍ത്തികമാക്കാനും പ്ലീനവും പാര്‍ട്ടിയും തയ്യാറാകുമോ എന്നുള്ളതാണ് കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല, സമൂഹത്തിലും സുപ്രധാനമായ മാറ്റങ്ങള്‍ക്ക് കാരണമാകുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാത്രമാണ് തങ്ങളുടെ നിലപാടുകളുടെ അടിസ്ഥാനം എന്ന നിലയിലേക്ക് സി.പി.ഐ.എം മാറുന്നത് കേരള സമൂഹത്തിന് തന്നെയാണ് ദോഷകരമായി തീരാന്‍ പോകുന്നത്.

 

പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയവുമാണ്‌ അഴിമതിയും. സോളാര്‍ തട്ടിപ്പ് കേസിലേക്ക് അഴിമതിയെ ചുരുക്കുന്നത് കക്ഷിരാഷ്ട്രീയ പരിഗണനയും തെരഞ്ഞെടുപ്പ് പ്രചാരണവും മാത്രമാണ്. ലാവലിന്‍ അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന്‍ പ്രത്യേക സി.ബി.ഐ കോടതി ഒഴിവാക്കിയതിന്റെ പേരില്‍ പിണറായി വിജയന്‍ ജില്ലകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന അതേസമയത്താണ് സി.പി.ഐ.എം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമിനെതിരെ ക്വാറി ഉടമകള്‍ കോഴ ആരോപണം ഉയര്‍ത്തുന്നത്. ആ ആരോപണത്തിന്റെ ശരിതെറ്റുകളിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല. എന്നാല്‍, നിഷേധിക്കാനാകാത്ത ഒന്ന്‍ എളമരം കരീമിന്റെ ഭരണകാലത്ത് പാരിസ്ഥിതിക നിയമങ്ങള്‍ മറികടന്നു ക്വാറികള്‍ക്ക് അനുമതി നല്‍കി എന്ന വസ്തുതയാണ്. അത് കോഴ വാങ്ങുന്നതിലും രൂക്ഷമായ ഒരു അഴിമതിയാണ്. പണത്തിന്റെ വിനിമയം അഴിമതിയുടെ ഒരു വശം മാത്രമാണ്. പരിസ്ഥിതി, മനുഷ്യന്റെ സ്വാര്‍ത്ഥമെന്ന് വിശേഷിപ്പിക്കാവുന്ന താല്‍പ്പര്യങ്ങള്‍ക്കായി അനിയന്ത്രിതമായി ചൂഷണം ചെയ്യാവുന്ന ഒന്നാണ് എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇവിടെ അഴിമതി തുടങ്ങുന്നത്. പരിസ്ഥിതി വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമാണ് ഇവിടേയും തെളിയുന്നത്. അതിലുപരി, ചിന്തയെ ഗ്രസിച്ച ഈ അഴിമതി ഏതെങ്കിലും ഒരു വിഷയത്തില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അധികാരത്തെയും ഭരണത്തെയും സംബന്ധിച്ച് ഇതുപോലെ ചിന്തയിലേ അഴിമതിഗ്രസ്തമായ കാഴ്ചപ്പാട് കേരളത്തിലെ ഇരുമുന്നണികളും പങ്കുവെക്കുന്നുണ്ട്. വികസനത്തിനായുള്ള സമവായം എന്ന പേരില്‍ ഈ വിരുദ്ധ രാഷ്ട്രീയ മുന്നണികള്‍ക്കിടയില്‍ ദൃശ്യമാകുന്ന നയപരമായ ഐക്യം ഈ കാഴ്ചപ്പാടില്‍ നിന്നുളവാകുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളിലും അതുകൊണ്ടുതന്നെ അഴിമതി സ്വാഭാവികമാണ്. കോഴകളും അനധികൃത ഇടപാടുകളും നിയമലംഘനങ്ങളും കേരളത്തിലെ ഏതാണ്ടെല്ലാ മേഖലകളിലും വ്യാപകമാകുന്നതും ഈ അഴിമതിഗ്രസ്ത ചിന്തയുടെ ന്യായീകരണത്തിന്റെ ബലത്തിലാണ്.

 

അധികാരത്തെ സംബന്ധിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ അഴിമതി കേരളം ഇന്ന് നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളുടെ പരോക്ഷകാരണങ്ങളില്‍ ഒന്നുകൂടിയാണ്. സമൂഹത്തെ നയിക്കാനുള്ള ധാര്‍മികബലം രാഷ്ട്രീയ നേതൃത്വത്തിന് നഷ്ടപ്പെടുമ്പോഴാണ്‌ സമൂഹത്തിനും ദിശാബോധം നഷ്ടപ്പെടുന്നത്. ഇവിടെ അഴിമതിയോടുള്ള ഉപരിപ്ലവമായ സമീപനമല്ല സി.പി.ഐ.എമ്മില്‍ നിന്ന്‍ പ്രതീക്ഷിക്കുന്നത്. കാരണം, കേരളത്തില്‍ നാലു ലക്ഷം അംഗബലമുള്ള, വിവിധ പോഷക സംഘടനകളിലൂടെ അതിലേറെ ലക്ഷങ്ങളുടെ പിന്തുണയുള്ള ഈ പാര്‍ട്ടി കേരളീയ സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന സംഘടനയാണ്. അതിലുപരി, ഈ പാര്‍ട്ടി പുലര്‍ത്തുന്ന സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത കൊണ്ട് നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ അഴിമതി സംഘടനാ ശരീരത്തിലേക്ക് അതിവേഗം പടരുമെന്നതുകൊണ്ട് പ്ലീനം പോലുള്ള നേതൃത്വവേദികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൌത്യം തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കേണ്ടത് അനിവാര്യമാണ്.

Tags: