Skip to main content

 

ബജറ്റ് അവതരണം തടയാന്‍ ശ്രമിച്ച പ്രതിപക്ഷ എം.എല്‍.എമാരേയും നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരേയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലാചരിക്കാന്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബജറ്റ് അവതരണം സംബന്ധിച്ച് ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കാനും വെള്ളിയാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു.

 

ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന ആവശ്യവുമായി സഭ ഇതുവരെ കാണാത്ത പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. സ്പീക്കറെ ഡയസില്‍ പ്രവേശിപ്പിക്കാതെ പ്രതിപക്ഷം തടയാന്‍ ശ്രമിച്ചത് വാച്ച് ആന്‍ഡ് വാര്‍ഡുമായി സംഘര്‍ഷത്തിനിടയാക്കി.

 

യുഡിഎഫ് എം.എല്‍.എമാരും വാച്ച് ആന്‍ഡ് വാര്‍ഡും ചേര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ചതായി എല്‍.ഡി.എഫ് ആരോപിച്ചു. വനിതാ എം.എല്‍.എമാരടക്കം ഇരുപതോളം പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് പരിക്കേറ്റതായും എല്‍.ഡി.എഫ് പറഞ്ഞു.

 

അതേസമയം, സ്പീക്കറുടെ ഡയസിലെ കസേരയും കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. ബജറ്റ് അവതരണം നിയമപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.