ബാര്‍ കോഴ കേസില്‍ ആരോപണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ അഭൂതപൂര്‍വമായ സമരത്തിന് പ്രതിപക്ഷം ഒരുങ്ങുന്നു. എല്‍.ഡി.എഫും യുവമോര്‍ച്ചയും വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ഉപരോധ ഉപരോധ സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സമരത്തെ നേരിടാന്‍ തലസ്ഥാന നഗരത്തിൽ വൻ പൊലീസ് സന്നാഹവും തയ്യാറായിട്ടുണ്ട്.
ബജറ്റ് അവതരണ ദിനമായ വെള്ളിയാഴ്ച നിയമസഭ വളഞ്ഞ് സമരം ചെയ്യാനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. നിയമസഭയ്ക്കകത്തേക്ക് മാണി പ്രവേശിക്കുന്നത് തടയാന്‍ ഇന്ന്‍ ചേര്‍ന്ന എല്‍.ഡി.എഫ് ഉപസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രിയുടെ വസതിയില്‍ നിന്ന്‍ നിയമസഭാ മന്ദിരത്തിലേക്കുള്ള വഴികള്‍ പ്രവര്‍ത്തകരും നിയമസഭാ ഹാളിലേക്കുള്ള വഴികള്‍ എം.എല്‍.എമാര്‍ ഉപരോധിക്കാനുമാണ് എല്‍.ഡി.എഫ് തീരുമാനം.
ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ നിയമസഭാ മന്ദിരം ഉപരോധിക്കും.
ഉപരോധം മറികടക്കാന്‍ മന്ത്രി മാണി ഇന്ന്‍ രാത്രി നിയമസഭയില്‍ തന്നെ തങ്ങുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇത് മാണിയും കേരള കോണ്‍ഗ്രസും നിഷേധിച്ചിട്ടുണ്ട്. ഔദ്യോഗിക വസതിയില്‍ നിന്നുതന്നെ നിയമസഭയിലേക്ക് എത്തുമെന്ന് മാണി വ്യക്തമാക്കി. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‍ പ്രതിപക്ഷവും രാത്രി സഭയില്‍ തങ്ങാന്‍ ആലോചിക്കുന്നുണ്ട്. സഭ ഇന്നത്തേക്ക് പിരിഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ഇതുവരെ സഭ വിട്ടിട്ടില്ല.
വ്യാഴാഴ്ച വൈകിട്ടോടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പിക്കറ്റ് പോസ്റ്റുകളും റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തുമെന്ന്‍ പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ 2,500 പൊലീസുകാരുടെ ബന്തവസാണ് ഉപരോധത്തെ നേരിടാൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഷാഡോ പൊലീസം കമാൻഡോ സംഘവും ഇവര്‍ക്ക് പുറമേ ഉണ്ടാകും. നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളെ നിരീക്ഷിക്കും. സമരത്തിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി.