ബാര്‍ ഉടമകളില്‍ നിന്ന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ സമരം സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. സമരം എങ്ങനെ വേണമെന്ന വിഷയം മാര്‍ച്ച് ആറിന് ചേരുന്ന യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യും.
നിയമസഭ വളഞ്ഞു സമരം ചെയ്യുക, നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുക എന്നിങ്ങനെ രണ്ട് നിര്‍ദ്ദേശങ്ങള്‍ ആണ് യോഗത്തില്‍ ഉയര്‍ന്നതെന്നും ഇതില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് യോഗം പിരിയുകയായിരുന്നു.
നിലവില്‍ കെ.എം മാണി പങ്കെടുക്കുന്ന ചടങ്ങുകളില്‍ എല്‍.ഡി.എഫ് സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്.