Skip to main content

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഒരു മാസമാകുമ്പോള്‍ സര്‍ക്കാരിലും അക്കാദമിയിലും ഭിന്നത മറ നീക്കുന്നു. അക്കാദമിയുടെ ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ സി.പി.ഐയും വി.എസും രംഗത്തെത്തിയപ്പോള്‍ ലോ അക്കാദമിയില്‍ നിന്ന്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന്‍ അക്കാദമി ചെയര്‍മാന്‍ കെ. അയ്യപ്പന്‍ പിള്ള ആവശ്യപ്പെട്ടു.

 

ലോ അക്കാദമിയ്ക്ക് ഭൂമി നല്‍കിയതിനെ പറ്റി അന്വേഷണം നടത്തില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സി.പി രാമസ്വാമി അയ്യരുടെ കാലത്ത് നടന്ന ഭൂമി കൈമാറ്റമാണിതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍, ഭരണ പരിഷ്കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ലോ അക്കാദമി അനധികൃതമായി ഉപയോഗിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് അച്യുതാനന്ദന്‍ പരാതി നല്‍കിയത്. വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സി.പി.ഐ നേതാവ് കൂടിയായ മന്ത്രി പറഞ്ഞിട്ടുണ്ട്.

 

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വി.എസ് അച്യുതാനന്ദന്‍ പരസ്യമായി വിമര്‍ശിച്ചു. അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും സര്‍ക്കാര്‍ ഭൂമി ആര് കൈയ്യടക്കിയാലും അത് തിരിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.

 

ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായി റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും തിങ്കളാഴ്ച അക്കാദമിയില്‍ നേരിട്ടെത്തി വിശദപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

 

അതേസമയം, അക്കാദമിയ്ക്ക് മുന്നില്‍ ബി.ജെ.പി നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത അക്കാദമി ചെയര്‍മാന്‍ കെ. അയ്യപ്പന്‍ പിള്ള ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം താന്‍ രാജിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.