Skip to main content

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ പാരിസ്ഥിതിക അനുമതി നല്‍കി. പദ്ധതിക്ക് അനുവദിച്ച പരിസ്ഥിതി-തീരദേശ അനുമതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ തീരുമാനം .

 

പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നതാണ് ട്രൈബ്യൂണല്‍ മുന്നോട്ടുവെച്ച പ്രധാന ഉപാധി. ഏഴംഗ വിദഗ്ധ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്ര ഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. കേരളത്തിന്‍റെ തുറമുഖ വകുപ്പ് സെക്രട്ടറിയായിരിക്കും സമിതിയിലെ മെമ്പര്‍ സെക്രട്ടറി. പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക അനുമതിയില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആറുമാസത്തിലൊരിക്കല്‍ ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരുകാരണവശാലും കടലിലൊഴുക്കാന്‍ പാടില്ല. പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നതാണ് മറ്റ് വ്യവസ്ഥകള്‍. പദ്ധതി പ്രദേശത്തെ പവിഴപ്പുറ്റ് ഉള്‍പ്പടെയുള്ളവ സംരക്ഷിക്കണം.

 

മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് പദ്ധതിയുമായ ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളോ മറ്റു ഘടകങ്ങളോ തടസമാകരുത്. പദ്ധതി പ്രദേശത്തു നിന്ന് ആളുകളെ മാറ്റുന്നുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടുണ്ടാകണം. അതിന് വിദഗ്ധ സമിതി മേല്‍നോട്ടം വഹിക്കുകയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നു.

 

പദ്ധതി സ്ഥിതിചെയ്യുന്നത് പരിസ്ഥിതി ലോലപ്രദേശത്തായതിനാല്‍ അനുമതി നല്‍കരുതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.