തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് സീമാന്ധ്രയിലും റായലസീമയിലും നടത്തിയ ബന്ദ് പൂര്‍ണം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ആന്ധ്രപ്രദേശ് നോണ്‍ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍, തെലുഗുദേശം പാര്‍ട്ടിയിലെ എം.പിമാര്‍ തുടങ്ങിയവരാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി.മാര്‍ 48 മണിക്കൂര്‍ ബന്ദിനാണ് ആഹ്വാനംചെയ്തത്. കടകളും പെട്രോള്‍ പമ്പുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. തീരദേശ ആന്ധ്രയിലെ ഒമ്പത് ജില്ലകളും റായലസീമയിലെ നാല് ജില്ലകളും ബന്ദില്‍ പൂര്‍ണമായും നിശ്ചലമായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിനെ വിഭജിച്ച് പുതിയ സംസ്ഥാനമായ തെലങ്കാന രൂപീകരിക്കുന്നതിനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ അതേപടി അംഗീകരിക്കുകയായിരുന്നു. റായലസീമയിലെ രണ്ട് ജില്ലകളെകൂടി തെലങ്കാന സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ മന്ത്രിസഭായോഗം തള്ളി.
