പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിച്ചു. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതി ലോല മേഖലയായി കാണണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശത്തിന് പകരം 60,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന 37 ശതമാനം വനഭൂമിക്ക് മാത്രമേ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരമുള്ള നിയന്ത്രണം സമിതി നിര്‍ദ്ദേശിക്കുന്നുള്ളൂ. ജലവൈദ്യുത പദ്ധതികളോടും മൃദു സമീപനമാണ് സമിതി സ്വീകരിക്കുന്നത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ ഊര്‍ജ്ജോല്പാദനവും ജീവിവംശങ്ങളുടെ നാശവും കണക്കാന്‍ പുന:പരിശോധന നടത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാറിന് പദ്ധതി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ പരിഗണനക്ക് സമര്‍പ്പിക്കാവുന്നതാണെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു.
പ്രധാന നിര്‍ദ്ദേശങ്ങള്‍:
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 188 താലൂക്കുകളെ പശ്ചിമഘട്ട മേഖലയായി പ്രഖ്യാപിച്ചു. മേഖലയുടെ മൊത്തം വിസ്തീര്‍ണ്ണം 1,64,280 ചതുരശ്ര കിലോമീറ്റര്‍ ആണ്. മേഖലയുടെ 41 ശതമാനം സ്വാഭാവിക വന മേഖലയായും ബാക്കി പ്രദേശം കാര്‍ഷിക മേഖലയുമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ സ്വാഭാവിക വനമായ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം (ആകെ വിസ്തീര്‍ണ്ണത്തിന്റെ 37 ശതമാനം) പരിസ്ഥിതി ലോല മേഖലയാണ്. ഈ മേഖല വില്ലേജ് തിരിച്ച് കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം. ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.
പാരിസ്ഥിക വ്യവസ്ഥക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ നിരോധിക്കുകയും നിയന്ത്രിക്കുകയും വേണം. മറ്റു അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന നടത്തി പാരിസ്ഥിതിക ആഘാതവും വികസനാവശ്യവും വിലയിരുത്തി വേണം അനുമതി നല്‍കേണ്ടത്.
പരിസ്ഥിതി ലോല മേഖലയില്‍ എല്ലാ വിധത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി നിരോധിക്കണം. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളിലോ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണം.
താപവൈദ്യുതി നിലയങ്ങള്‍ മേഖലയില്‍ അനുവദിക്കരുത്. നിബന്ധനകള്‍ക്ക് വിധേയമായി ജലവൈദ്യുത നിലയങ്ങള്‍ അനുവദിക്കാം. വേനല്‍ക്കാലത്തും പുഴയില്‍ 30 ശതമാനം നീരൊഴുക്ക് ഉറപ്പു വരുത്തുക, പുഴയുടെ ഗതിയും വനത്തിലും ജൈവവൈവിധ്യത്തിലും ഉണ്ടാകുന്ന നഷ്ടവും വിലയിരുത്തുന്ന പഠനം നടത്തുക, രണ്ടു പദ്ധതികള്‍ തമ്മില്‍ ചുരുങ്ങിയത് മൂന്ന്‍ കിലോമീറ്റര്‍ എങ്കിലും അകലം, ഉണ്ടാകുക, ഒരു സമയത്തും പദ്ധതി നദീമേഖലയുടെ 50 ശതമാനത്തിലധികം പ്രദേശത്തെ ബാധിക്കരുത് എന്നിവയാണ് നിബന്ധനകള്‍. പാരിസ്ഥികാഘാത പഠനത്തില്‍ കാറ്റിലൂടെ ലഭിക്കാവുന്ന ഊര്‍ജം ഉള്‍പ്പെടുത്തണം.
‘ചുവപ്പ്’ വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ‘ഓറഞ്ച്’ വിഭാഗത്തിലെ പാരിസ്ഥികാഘാതം കുറഞ്ഞ വ്യവസായങ്ങള്‍ അനുവദിക്കാം. 20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിട നിര്‍മ്മാണം, ടൌണ്‍ ഷിപ്പ് പദ്ധതികള്‍ എന്നിവ നിരോധിക്കണം.
വനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുള്ള പദ്ധതികളുടെ എല്ലാ വിവരങ്ങളും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റേയും സംസ്ഥാന വനം വകുപ്പുകളുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
പരിസ്ഥിതി ലോല മേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളതും പാരിസ്ഥിക അനുമതി ആവശ്യമുള്ളതുമായ വികസന പദ്ധതികള്‍ക്ക് 2006 ലെ പാരിസ്ഥികാഘാത പഠന നോട്ടിഫിക്കേഷന്‍ ബാധകമായിരിക്കും.
പരിസ്ഥിതി ലോല മേഖലകളിലെ ഭരണ-നിയന്ത്രണ സംവിധാനങ്ങളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പു വരുത്തണം. നിലവിലുള്ള നിയന്ത്രണ-നിരീക്ഷണ സംവിധാനങ്ങളും പരിസ്ഥിതി-വനം അനുമതി പ്രക്രിയകളും കാര്യമായി ശക്തിപ്പെടുത്തണം.
പരിസ്ഥിതി ലോല മേഖലകളിലെ ഭാവി പദ്ധതികള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമസഭകളുടെ മുന്നനുമതിയും എതിര്‍പ്പില്ലാ പത്രവും ആവശ്യമാക്കണം. മുന്നനുമതി സംബന്ധിച്ച വന നിയമ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പില്‍ വരുത്തണം.
വന്യജീവി മേഖലകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം സംസ്ഥാന സര്‍ക്കാരുകള്‍ തേടണം. സുസ്ഥിര വികസനം ഉറപ്പു വരുത്തുന്നതിനുള്ള നിയന്ത്രണ സംവിധാനങ്ങളും നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ കൊണ്ടുവരണം.
ജനങ്ങള്‍ അധിവസിക്കുന്ന സ്വാഭാവിക വന മേഖലയിലും കാര്‍ഷിക മേഖലയിലും പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
പശ്ചിമഘട്ട മേഘലയിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങളുടെ കടത്തിനു പകരമായി കണക്കാക്കുന്ന രീതി മേഖലയിലെ സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ച ചെയ്യണം. വനം-പരിസ്ഥിതി സംരക്ഷണത്തിനു സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക പതിനാലാം ധന കമ്മീഷന്‍ വകയിരുത്തണം. പ്ലാനിംഗ് കമ്മീഷന്‍ പ്രത്യേകമായി പശ്ചിമഘട്ട സുസ്ഥിര വികസന നിധി രൂപീകരിക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക ചട്ടക്കൂട് കൊണ്ടുവരുന്ന രീതിയില്‍ ഭരണഘടനയിലെ കണ്‍കറന്റ് പട്ടികയിലെ ഇരുപതാം വിഷയം സാമ്പത്തിക ആസൂത്രണം ഭേദഗതി ചെയ്യണം.
പന്ത്രണ്ടാം പദ്ധതിയില്‍ ആവിഷ്കരിച്ച പശ്ചിമഘട്ട വികസന പദ്ധതി തുടരണം. ഇതിന്റെ വിഹിതം 1000 കോടി രൂപയായി വര്‍ധിപ്പിക്കണം. ചിലവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 90:10 എന്ന അനുപാതം തുടരണം. ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടങ്ങുന്ന ഉന്നതതല സമിതി പുനരുജ്ജീവിപ്പിക്കണം. സംസ്ഥാനങ്ങളില്‍ ലെയ്സണ്‍ ഏജന്‍സിയായി പശ്ചിമഘട്ട സെല്‍ രൂപീകരിക്കണം.
തടി അടക്കമുള്ള വനവിഭവങ്ങളുടെ വിനിയോഗം വനത്തിന്റെ ക്ഷമത വര്‍ധിപ്പിക്കുകയും പ്രാദേശിക ജനതയ്ക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്ന രീതിയിലും ചെയ്യുന്ന നയങ്ങള്‍ ആവിഷ്കരിക്കണം.
സുസ്ഥിര കൃഷി എന്ന ലക്ഷ്യത്തോടെ മേഖലയിലെ കര്‍ഷകരെ ജൈവകൃഷി രീതിയിലേക്ക് മാറാനുള്ള പ്രോത്സാഹന നടപടികള്‍ സ്വീകരിക്കണം. ആഗോള വിപണിയില്‍ ഇവിടത്തെ ഉല്‍പ്പനങ്ങള്‍ക്ക് തനതായ ബ്രാന്‍ഡ് സൃഷ്ടിക്കണം.
മേഖലയില്‍ സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണം. ഇതിനായി പാരിസ്ഥിതികാഘാത നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പരിസ്ഥിതി ലോല മേഖലയിലെ വിനോദസഞ്ചാര വ്യവസായത്തില്‍ പ്രാദേശിക ജനതക്ക് ഉടമസ്ഥതയും നേട്ടങ്ങളും നല്‍കുന്ന രീതിയില്‍ നയങ്ങള്‍ ആവിഷ്കരിക്കുകയും ഇത്തരം മേഖലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കര്‍ശനമായി നിരീക്ഷിക്കുകയും വേണം.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ആറു സംസ്ഥാനങ്ങളിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭൌമ-സ്ഥല സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന പഠന കേന്ദ്രം രൂപീകരിക്കണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഹായിക്കുകയും അവ നിരീക്ഷിക്കുകയും ചെയ്യുന്ന ഈ കേന്ദ്രം പരിസ്ഥിതി-വനം മന്ത്രാലയം സ്ഥാപിക്കുകയും ഏതെങ്കിലും ഒരു സംസ്ഥാനത്ത് എല്ലാ സംസ്ഥാനങ്ങളുടെയും സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുകയും വേണം.
ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വില്ലേജ് അടിസ്ഥാന ഘടകമായി പരിസ്ഥിതി ലോല മേഖല നിര്‍ണ്ണയിക്കുന്ന രീതി കമ്മിറ്റി വികസിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം പഠിക്കാന്‍ ഇന്നുപയോഗിക്കുന്ന മാതൃകകള്‍ പശ്ചിമഘട്ട മേഖലക്ക് അപര്യാപ്തമാണ്. മേഖലക്ക് അനുയോജ്യമായ മാതൃകകള്‍ അനുസരിച്ചുള്ള പഠനം നിര്‍ദ്ദിഷ്ട പഠന കേന്ദ്രം ഏറ്റെടുക്കണം.