Skip to main content
അങ്കാറ

Recep Tayyip Erdogan

 

പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രധാനമന്ത്രി റസിപ് തയ്യിപ് എദ്രുവാന് ജയം. ഏറെക്കുറെ മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ എദ്രുവാന്‍ 52 ശതമാനം വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി ഏക്‌മലദ്ദീന്‍ ഇഹ്സാനോഗ്ലുവിന് 38 ശതമാനം വോട്ടുകള്‍ ആണുള്ളത്.

 

ഞായറാഴ്ച ആയിരുന്നു വോട്ടെടുപ്പ്. 50 ശതമാനത്തില്‍ അധികം പിന്തുണ എദ്രുവാന് ഉറപ്പായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് വേണ്ടിവരില്ല. ഇതോടെ തുര്‍ക്കിയില്‍ ജനങ്ങളാല്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റാകും യാഥാസ്ഥിതിക കക്ഷിയായ എ.കെ പാര്‍ട്ടിയുടെ നേതാവായ എദ്രുവാന്‍. ഇതുവരെ പാര്‍ലിമെന്റ് അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നത്.

 

പ്രസിഡന്റിന്റെ അധികാരം വിപുലപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് എദ്രുവാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2003 മുതല്‍ പ്രധാനമന്ത്രി പദത്തില്‍ മൂന്ന്‍ തവണ പൂര്‍ത്തിയാക്കിയ എദ്രുവാന്‍ തുര്‍ക്കിയുടെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തിയതിന്റെ നേട്ടവും ഒപ്പം അവകാശപ്പെടാന്‍ കഴിയും. അതേസമയം, മതേതര രാഷ്ട്രമായ തുര്‍ക്കിയില്‍ എദ്രുവാന്റെ ഇസ്ലാമിക രാഷ്ട്രീയ നിലപാടുകളും സ്വേച്ഛാധിപത്യ പ്രവണതകളും വിമര്‍ശന വിധേയമായിട്ടുണ്ട്.

 

ഇറാഖ്, സിറിയ, പലസ്തീന്‍, യുക്രൈന്‍ എന്നീ രാജ്യങ്ങളിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് എദ്രുവാന്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. പശ്ചിമേഷ്യയുടേയും കിഴക്കന്‍ യൂറോപ്പിന്റേയും ഇടയിലുള്ള ഭൂമിശാസ്ത്ര നില കാരണം ഈ പ്രതിസന്ധകളെല്ലാം തുര്‍ക്കിയെ ബാധിക്കുന്നതാണ്.