Skip to main content
കൊച്ചി

ആരാധ്യ മേയർ. കേരള സര്‍ക്കാര്‍ ഏപ്രില്‍ 17-ന് ആ പ്രയോഗത്തിലെ ആരാധ്യ മാറ്റി. പകരം ‘ബഹുമാനപ്പെട്ട’യാക്കി. പൊതു വിശദീകരണം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ അവശേഷിപ്പുകൾ ഒഴിവാക്കുന്നു എന്നതായിരുന്നു. എന്നാല്‍ യഥാർഥത്തില്‍ ആ തീരുമാനവും മുസ്ലീംലീഗിന്റെ വർഗീയ സ്വഭാവം തീവ്രമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ മറ്റൊരു മുഖമായിരുന്നു. അള്ളാഹുവല്ലാതെ ആരെയെങ്കിലും ആരാധ്യരായി അംഗീകരിക്കുന്നത് അനിസ്‌ളാമികമാണെന്ന കാരണത്താലാണ് ഇത്തരത്തിലൊരു സർക്കാർ ഉത്തരവിടുന്നതിന് ഭരണാവസരം ഉപയോഗിച്ചത്. മേയർ എന്ന സ്ഥാനപ്പേരും ബ്രിട്ടിഷ് സാമ്രാജ്യത്വഭരണത്തിന്റെ ശേഷിപ്പാണ്. അതു വേണമെങ്കില്‍ അദ്ധ്യക്ഷ(ൻ) എന്ന്‍ മാറ്റാമായിരുന്നു, സാമ്രാജ്യത്വശേഷിപ്പു ചിഹ്നങ്ങൾ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍.

 

സാമ്രാജ്യത്വത്തിനെതിരായ നിലപാടെടുക്കുന്നവർ പൊതുവെ കൂട്ടുപിടിക്കുക ദേശീയതയെയാണ്. ദേശീയഗാനത്തിലെ ഗംഗ ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ ജീവനാഡിയാണ്. ഗംഗയ്ക്കും ഗംഗാജലത്തിനും വർഗീയതയില്ല. എന്നാല്‍ ഒരു രാജ്യത്തിന്റെ ഭാവിയേയും സംസ്‌കൃതിയേയും വാർത്തെടുക്കുന്നതില്‍ നിർണായക പങ്കു വഹിക്കുന്ന വിദ്യാഭ്യാസ വകുപ്പുമന്ത്രിക്ക് അനുവദിക്കപ്പെട്ട ഔദ്യോഗിക വസതിയുടെ പേര് ഗംഗ. അതില്‍ അദ്ദേഹം വർഗീയത കണ്ടു. വസതിയുടെ പേര് മാറ്റി. യഥാർഥത്തില്‍ അദ്ദേഹം ചെയ്തത് ദേശീയതയേയും ദേശീയഗാനത്തേയും അപലപിക്കുകയും പ്രത്യക്ഷമായിത്തന്നെ ഭരണഘടനാ ലംഘനം നടത്തുകയും ചെയ്യുകയായിരുന്നു. മുന്നണി രാഷ്ട്രീയത്തില്‍ സമ്മർദ്ദത്തിനു വഴങ്ങി നില്‍ക്കേണ്ടി വരുന്ന കോണ്‍ഗ്രസിനും ഈ ചെയ്തികളില്‍ ലീഗിനേക്കാൾ പങ്കുണ്ട്.

 

രാജ്യത്ത് നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ശൈശവവിവാഹത്തിന് അംഗീകാരം നല്‍കിക്കൊണ്ട് സർക്കുലർ ഇറക്കിയതും പിന്നീട് ജമൈക്കയിലെ നിയമം കണ്ട് തെറ്റിദ്ധരിച്ചാണ് അത്തരത്തിലൊരെണ്ണം ഇറക്കിയതെന്നും കാണിച്ച് അത് പിൻവലിക്കുകയും അതുവരെയുള്ള ശൈശവവിവാഹങ്ങൾക്ക് നിയമപരമായ സാധുത നല്‍കുകയും ചെയ്തതും ലീഗിന്റെ തീവ്രമായി മാറുന്ന വർഗീയ മുഖമാണ്. തീവ്രമായ വർഗീയ മുഖം തങ്ങൾ സ്വീകരിച്ചില്ലെങ്കില്‍ തങ്ങളുടെ ബലം ക്ഷയിച്ചുപോകുമെന്ന ധാരണയിലോ അല്ലെങ്കില്‍ തീവ്ര സമീപനമുളളവർ നേതൃനിരയില്‍ ഉള്ളതോ ആവാം കാരണം.

 

മുസ്ലീം ലീഗ് നേതൃത്വം ഭരണത്തെ ഉപയോഗിച്ച് ഇത്തരത്തില്‍ പ്രവർത്തിക്കുന്നത് പൊതുസമൂഹത്തില്‍ വർഗീയ അടിസ്ഥാനത്തില്‍ അതിവിനാശകരമായ ധ്രുവീകരണത്തിന് കാരണമാകുന്നുണ്ട്. തങ്ങൾക്ക് തങ്ങളുടേതായ നിയമവും അതു നടപ്പാക്കാനുള്ള സംവിധാനവുമായി ഭരണത്തേയും മുന്നണി സംവിധാനത്തേയും ഉപയോഗിക്കുന്നത് മുസ്ലീം വിഭാഗമുൾപ്പടെയുള്ള മുഴുവൻ ജനങ്ങൾക്കും രാജ്യത്തിനും അപകടകരമാകും.

 

കഴിഞ്ഞ നവംബറില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് മലപ്പുറത്തെത്തി അടിയന്തരമായി കേരളത്തിലെ പാസ്‌പ്പോർട്ട് ഓഫീസർമാരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഈ യോഗത്തേക്കുറിച്ച് ലൈഫ് ഗ്ലിന്റ് രണ്ടു തവണ റിപ്പോർട്ട് ചെയ്തിരുന്നു. ആ യോഗത്തില്‍ പാസ്‌പ്പോർട്ട് ഓഫീസർമാർക്കു പുറമേ പങ്കെടുത്തത് അവിടുത്തെ പ്രാദേശിക ലീഗ് നേതാക്കളും മറ്റുമാണ്. ആ യോഗത്തില്‍ അവർ ഉന്നയിച്ച ആവശ്യം ക്രമക്കേടുകളെ തുടർന്ന്‍ റദ്ദാക്കുകയും നിരസിക്കുകയും ചെയ്ത പാസ്‌പ്പോർട്ടുകൾ വീണ്ടും നല്കണമെന്നായിരുന്നു. മന്ത്രി അഹമ്മദിനും ഓഫീസർമാരോട് പറയാനുള്ളത് അതായിരുന്നു. ജനനത്തീയതി തിരുത്തല്‍, ഫോട്ടോ മാറ്റി ഒട്ടിക്കല്‍, വിലാസം തിരുത്തല്‍ എന്നീ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധപ്പെട്ട പാസ്സ്‌പ്പോർട്ട്  ഓഫീസർമാർ അവ റദ്ദാക്കിയത്.

 

കേസ്സ് രജിസ്റ്റർചെയ്ത് നിയമനടപടികൾ സ്വീകരിക്കേണ്ടതിനു പകരം കുറ്റകൃത്യങ്ങൾ നടത്തിയതിന്റെ പേരില്‍ റദ്ദാക്കപ്പെട്ട പാസ്‌പ്പോർട്ടുകൾ വീണ്ടും നല്‍കാനാണ് ആ യോഗം ഓഫീസർമാരോട് ആവശ്യപ്പെട്ടത്. യോഗ്യതിയില്ലാത്ത, ലീഗ് നേതാക്കൾ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഗണ്മാനായിരുന്ന, ആൾ അവിടെ പാസ്‌പ്പോർട്ട് ഓഫീസറായി നിയമിക്കപ്പെട്ടത് ഇപ്പോൾ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു. രാജ്യം പലവിധ തീവ്രവാദഭീഷണി നേരിടുന്ന വർത്തമാനകാല സാഹചര്യത്തില്‍ അതീവഗുരുതരമാണ് ഇത്തരത്തില്‍ കാര്യങ്ങൾ സംഭവിക്കുന്നത്. വിശേഷിച്ചും തീവ്രവാദപ്രവർത്തനങ്ങളുടെ പേരില്‍ കേരളത്തില്‍ നിന്നുള്ളവരും കൊടും ഭീകരരുടെ പട്ടികയില്‍ പെട്ട് പിടിയിലായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍.

Tags