പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ വി.എസും, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനവും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചത്. വിജിലന്‍സ് കോടതി നടപടിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം അച്യുതാനന്ദന്‍ സമര്‍പ്പിച്ച പരാതിയില്‍ രാഷ്ട്രീയ താല്പര്യമുണ്ടോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. മാത്രമല്ല 1994ല്‍ മറ്റു പ്രതികള്‍ക്കെതിരെ കേസ് സമര്‍പ്പിച്ചപ്പോള്‍ പരാതിക്കാരാരും ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയിരുന്നില്ല. കേസിന്റെ ഒരുഘട്ടത്തിലും ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് തവണ ഹര്‍ജി പരിഗണിച്ചപ്പോഴും ആരും ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ 1993ല്‍ മലേഷ്യയില്‍ നിന്നും 32,000 ടണ്‍ പാമേലിന്‍ ഇറക്കുമതി ചെയ്തതുവഴി സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോട് കൂടിയാണ് ഇറക്കുമതി നടന്നതെന്നായിരുന്നു ആരോപണം. 2011 ആഗസ്തിലാണ് പാമോലിന്‍ അഴിമതി കേസ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.