കെ.പി.സി.സി. പ്രസിഡന്റ് മന്ത്രിസഭയിലേക്ക് വരികയോ വരാതിരിക്കുകയോ ആവട്ടെ. അധികം ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാല്‍ ഒരു ജനതയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു വിഷയമുണ്ട്. വിഷയം കളവുപറയുന്നതുമായി ബന്ധപ്പെട്ടത്. അടിസ്ഥാനമായി അഴിമതി (Corruption) എന്നു പറയുന്നത് കളവാണ്. അഴിമതിയുടെ ബീജരൂപത്തിന്റെ ശബ്ദശരീരമാണ് കളവ് പറച്ചില്‍. അതുകൊണ്ടാണ് മൂല്യങ്ങൾക്ക് വിലയുണ്ടായിരുന്ന കാലങ്ങളില്‍ കളവ് പറച്ചിലിനെ കൊടിയ പാതകമായി കരുതിയിരുന്നത്. അക്കാലങ്ങളില്‍ പദവികളലങ്കരിക്കുന്നവർ കളവുപറയുക എന്നത് അചിന്ത്യമായിരുന്നു. ആ കാലവുമായി വർത്തമാനകാലത്തെ താരതമ്യപ്പെടുത്തുന്നത് അനുചിതവും അപ്രായോഗികവും. സംഗതി ഇതൊക്കെയാണെങ്കിലും എവിടെയും അഴിമതിക്കെതിരെ ശബ്ദം. മാധ്യമപ്രവർത്തകർ അഴിമതിക്കാർ സഞ്ചരിക്കുന്ന വഴികളിലൂടെ സാഹസികയാത്ര നടത്തിയും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അഴിമതിക്കഥകൾ പുറത്തുവിടുന്നു. ക്യാമറയില്‍ കൈക്കുലി വാങ്ങുന്നവരെ സസ്‌പെന്റ് ചെയ്യിച്ച് ചാനല്‍ ഇംപാക്ട് സൃഷ്ടിക്കുന്നു.
മന്ത്രിസഭാപ്രവേശം സംബന്ധിച്ച് രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കോലാഹലത്തിന്റെ അവസാനം മേയ് 20-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും തമ്മില്‍ നടന്ന ചർച്ചയോടെയാണ്. ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞു, 'രമേശ് മന്ത്രിയാകുന്നു എന്നുള്ളത് മാധ്യമങ്ങൾ നടത്തിയ പ്രചാരണമാണ്.' ഞായറാഴ്ച വൈകിട്ട് മന്ത്രി കെ.സി ജോസഫ് അത്യാവേശത്തില്‍ ഇതേ അഭിപ്രായം പറയുകയുണ്ടായി. അന്നേ ദിവസം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ആലപ്പുഴയില്‍ പറഞ്ഞു, മാധ്യമപ്രവർത്തകർ വസ്തുതകളെ അവഗണിച്ച് ഭാവനയില്‍ വരുന്നതാണ് കിടമത്സരത്തിന്റെ ഭാഗമായി ജനങ്ങളെ അറിയിക്കുന്നതെന്ന്.
രമേശ് ചെന്നിത്തലയുടെ കേരളയാത്ര കാസർകോഡു നിന്ന്‍ തുടങ്ങിയ നാൾ മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങിയ ചർച്ചയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാപ്രവേശം. രണ്ടാഴ്ചയോളമെടുത്തു നേതാക്കൾക്ക് ഇത് മാധ്യമപ്രചാരണമാണെന്ന്‍ പരസ്യമായി പറയാൻ.
മുഖ്യമന്ത്രി കേളത്തിന്റെ മുഴുവൻ ജനതയുടേയും പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുപോലും വെറും വാക്കാകാൻ പാടില്ല. അദ്ദേഹത്തിന് ഭരണനിർവഹണത്തിനും വിവരശേഖരണത്തിനും ഈ സംസ്ഥാനത്തിന്റെ മുഴുവൻ സംവിധാനങ്ങളും, വേണമെന്നുവെച്ചാല്‍ കേന്ദ്ര സൗകര്യങ്ങളും, ഉപയോഗിക്കാം. അതിനാല്‍ അദ്ദേഹം പറയുന്ന വിവരങ്ങൾ ആധികാരികമായിരിക്കണം. അദ്ദേഹത്തിന്റെ വാക്കുകൾ രാജ്യത്തിന്റെ ഗതിയില്‍ നിർണായകമാണ്. പ്രത്യക്ഷമായും പരോക്ഷമായും. പരോക്ഷമായതാണ് വർത്തമാനത്തേയും ഭാവിയേയും ഏറ്റവും കൂടുതല്‍ ബാധിക്കുക. കൊച്ചുകുട്ടികൾ പോലും തങ്ങളുടെ സ്വീകരണമുറിയിലിരുന്ന് വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും കാണുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായുള്ള രാഷ്ട്രീയ അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍, മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളുടെ പ്രസ്താവനകളുടെ വെളിച്ചത്തില്‍ (ആര്യാടന്റെയും മാണിയുടേയും ഓർക്കാം) പൊതുവായി ഉണ്ടായ വിശ്വാസം രമേശ് ചെന്നിത്തല മന്ത്രിസഭിയിലേക്ക് എത്തുന്നതിന് വേണ്ടിയുള്ള ചർച്ചകളും നീക്കങ്ങളും സജീവമായിരുന്നു എന്നാണ്.
പശ്ചാത്തലം എന്തുമായിക്കൊള്ളട്ടെ, മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു ഇതെല്ലാം മാധ്യമങ്ങളുടെ പ്രചാരണം മാത്രമായിരുന്നു എന്ന്‍. അതായത് മാധ്യമങ്ങൾ കളവ് പ്രചരിപ്പിച്ചിരിക്കുന്നു. ജനാധിപത്യത്തില്‍ മാധ്യമങ്ങൾക്ക് തീരെ വിലയില്ലാതാകുന്നത് അഭികാമ്യമല്ല. ഒരു കാര്യം സ്പഷ്ടം. ഒന്നുകില്‍ മുഖ്യമന്ത്രി കളവുപറയുന്നു. അല്ലെങ്കില്‍ മാധ്യമങ്ങൾ. വിവാദങ്ങൾക്ക് വിരാമമിടാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇതു പറഞ്ഞതെങ്കില്‍ എല്ലാവരും കരുതുന്നു, അദ്ദേഹം കളവാണ് പറഞ്ഞതെന്ന്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഏവർക്കും മനസ്സിലാകുന്ന വിധം കളവു പറഞ്ഞാല്‍ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക സംവിധാനത്തിന്റെ അവസ്ഥയെന്താവും? അങ്ങിനെയാണെങ്കില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നതിലൂടെ ക്ഷയിക്കുന്നത് ജനാധിപത്യമാണ്. ഒരു മുഖ്യമന്ത്രി അത്തിരത്തിലുള്ള ഉദ്യമത്തിലേർപ്പെടുന്നത് ഗുരുതരമായ അപരാധം. ധാർമികതയെ മാറ്റിവയ്ക്കാം. കുഞ്ഞുമനസ്സുകളില്‍, അദ്ദേഹത്തെ മാതൃകയായിക്കാണുന്ന യുവമനസ്സുകളില്‍ ഉണ്ടാവുന്ന മൂല്യബോധം എന്താവും. അതുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞതുപോലെ മാധ്യമങ്ങൾ നടത്തിയ പ്രചാരണമാണോ ഇതെന്ന്‍. ഇല്ലെങ്കില്‍ ആ പ്രസ്താവനയെ ഏതു നിർവചനത്തിൻകീഴില്‍ പെടുത്തേണ്ടി വരുമെന്ന്‍ ആലോചിച്ചാല്‍ അറിയാവുന്നതാണ്.
മാധ്യമങ്ങളുടെ നിലനില്‍പ്പ് അഥവാ ജീവൻ എന്നു പറയുന്നത് അവയുടെ വിശ്വാസ്യതയാണ്. പൂർണമായ വിശ്വാസ്യത അവകാശപ്പെടാൻ കഴിയില്ലെങ്കിലും അത് അവശേഷിക്കുന്നതുകൊണ്ടാണ് ജനങ്ങൾ അവയെ ശ്രദ്ധിക്കുന്നത്. രണ്ട് സാധ്യതകളാണ് ഇവിടെയുള്ളത്. ഒന്നുകില്‍ യഥാർഥത്തില്‍ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തി. അല്ലെങ്കില്‍ തെല്ലും ആത്മാഭിമാനം കേരളത്തിലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇല്ലെന്ന് മുഖ്യമന്ത്രി കരുതുന്നു. ഒരു മാധ്യമപ്രവർത്തകൻ പോലും ആ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നതിനെ അത്ഭുതത്തോടെ കാണേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പറയുന്നതാണ് വസ്തുതയെങ്കില്‍ ഇവിടെ വലിയൊരു ഗൂഢാലോചനയും നടന്നിരിക്കുന്നു. അതുണ്ടായിട്ടുണ്ടെങ്കില്‍ അതു പുറത്തുകൊണ്ടുവന്ന്‍ കുറ്റവാളികളെ ശിക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ മാധ്യമങ്ങൾ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് കരുതുന്നുവെങ്കില്‍ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം സൂക്ഷ്മരൂപത്തിലുള്ള അഴിമതിയുടെ ബീജങ്ങൾ തലമുറകളെപ്പോലും നശിപ്പിക്കാൻ പോന്നതാണ്.