Representative image of journalists protesting | Pixabay
വ്യാജവാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കാമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്കി. വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കാനായിരുന്നു സര്‍ക്കുലറിലെ വ്യവസ്ഥ. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത്.
മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് എന്നിവര്‍ക്ക് കൈമാറി ഉപദേശം തേടുന്നതിനാണ് നേരത്തെ നീക്കം നടന്നത്. 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്, സമിതികള്‍ സര്‍ക്കാരിന് നല്‍കണം. റിപ്പോര്‍ട്ട് നല്കുന്നതു വരെ ആരോപണ വിധേയരായ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് മരവിപ്പിച്ച് അന്വേഷണം തുടരാനായിരുന്നു തീരുമാനം.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന് റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.