Skip to main content

തീവ്രവാദത്തിന് പകരം വിനോദസഞ്ചാരം തെരഞ്ഞെടുക്കാനും അതുവഴി പുരോഗതിയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ സംസ്ഥാനത്തെ സഹായിക്കാനും കശ്മീരിലെ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ഉദ്ധംപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷത്തെ രക്തച്ചൊരിച്ചില്‍ ആര്‍ക്കും നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

സൈനികരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. കഴിഞ്ഞ ദിവസം തീവ്രവാദിയുമായുള്ള ഏറ്റുമുട്ടലിനിടെ പ്രക്ഷോഭകര്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു.   

 

ജമ്മുവിനെയും കശ്മീരിനെയും പരസ്പരം ബന്ധിക്കുന്ന ചെനാനി-നസ്രി തുരങ്കം മോദി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഒന്‍പത് കിലോമീറ്ററില്‍ അധികം നീളമുള്ള ഈ തുരങ്കം രാജ്യത്തെ ഏറ്റവും വലിയ റോഡ്‌ തുരങ്കമാണ്.