Skip to main content
ശ്രീനഗര്‍

narendra modiഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്ന വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍. രാവിലെ സിയാച്ചിന്‍ ഹിമാനിയില്‍ സൈനികരെ മോദി സന്ദര്‍ശിച്ചു. ഉച്ചതിരിഞ്ഞ് ശ്രീനഗറില്‍ സംസ്ഥാനത്ത് സെപ്തംബറില്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതം നേരിടുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും.

 

വിഘടനവാദ നേതാക്കള്‍ ബന്ദാഹ്വാനം നല്‍കിയിരിക്കുന്നതിനാല്‍ കശ്മീര്‍ താഴ്വരയില്‍ സുരക്ഷ ശക്തമാണ്. ബന്ദാഹ്വാനം നല്‍കിയ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്.

 

ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ ഹിമാനിയിലെ സൈനികര്‍ക്ക് ദീപാവലി ആശംസ നല്‍കിയ മോദി ഓരോ ഇന്ത്യാക്കാരനും അവരോട് തോളോട് തോള്‍ ചേര്‍ന്ന്‍ നില്‍ക്കുന്നതായി പറഞ്ഞു.

 

ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുന്ന വിഭാഗത്തിന്റെ നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ ബുധനാഴ്ച തന്നെ വീട്ടുതടങ്കലില്‍ ആക്കി. മിതവാദ നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഇന്ന്‍ രാവിലെ മുതല്‍ വീട്ടുതടങ്കലില്‍ ആണ്. ജമ്മു കശ്മീര്‍ വിമോചന മുന്നണി നേതാവ് യാസിന്‍ മാലിക്കിനോടും വീട് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ബന്ദാഹ്വാനത്തെ തുടര്‍ന്ന്‍ ശ്രീനഗര്‍ വിജനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടകളും വാണിജ്യകേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനഗതാഗതവും കുറവാണ്.

 

സെപ്തംബര്‍ 23-ന് പ്രധാനമന്ത്രിയെ കണ്ട ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വെള്ളപ്പൊക്കത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് 44,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കേന്ദ്രത്തിന്റെ തീരുമാനം മോദി പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് 284 പേര്‍ മരിച്ചതായാണ് കണക്കുകള്‍. 2,600 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായി.